|

ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് വീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. സി.പി.ഐ.എമ്മിന്റെ കൂട്ടിലടച്ച തത്തയാണ് ജേക്കബ് തോമസെന്നും   സി.പി.ഐ.എം പറയുന്ന കാര്‍ഡുകള്‍ മാത്രമെ ജേക്കബ് തോമസ് കൊത്തുകയുള്ളുവെന്നും മുഖപ്രസംഗത്തില്‍ വീക്ഷണം ആരോപിക്കുന്നു.


തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. സി.പി.ഐ.എമ്മിന്റെ കൂട്ടിലടച്ച തത്തയാണ് ജേക്കബ് തോമസെന്നും   സി.പി.ഐ.എം പറയുന്ന കാര്‍ഡുകള്‍ മാത്രമെ ജേക്കബ് തോമസ് കൊത്തുകയുള്ളുവെന്നും മുഖപ്രസംഗത്തില്‍ വീക്ഷണം ആരോപിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിനെ വെല്ലുവിളിക്കുകയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അപഹസിക്കുകയും ചെയ്തതിനാണ് ജേക്കബ് തോമസിന് വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കിയതെന്നും മാണിക്കും ബാബുവിനുമെതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ജയരാജനെതിരെ ജേക്കബ് തോമസ് കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നു.

veekshanam

തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പ്പിക്കുന്നത് പോലെയാണെന്നും പത്രം പറയുന്നു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീക്ഷണത്തിന്റെ വിമര്‍ശനം. അതേ സമയം ജേക്കബ് തോമസിന്റെ ആവശ്യം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചിരുന്നില്ല. തീരുമാനമാകുമ്പോള്‍ അറിയിക്കാമെന്നും ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം തങ്ങളുടെ മുന്നില്‍ ഇല്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്.