| Friday, 11th December 2015, 8:25 am

ജേക്കബ് തോമസിനെതിരെ വീക്ഷണം മുഖപത്രം; ജേക്കബ് തോമസിനെ ഊളമ്പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ഷോക്കടിപ്പിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: അഴിമതി വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച ഡി.ജി.പി ജേക്കബ് തോമസിനെതിരെ വീക്ഷണം മുഖപത്രം. പ്രതിപക്ഷ നേതാവിനെ പോലെയാണ് ജേക്കബ് തോമസിന്റെ പ്രവര്‍ത്തനം. പദവി മറക്കുന്ന ഡി.ജി.പിക്കെതിരെ സ്വീകരിക്കേണ്ടത് അച്ചടക്ക ലംഘനമല്ല മുക്കാലില്‍ കെട്ടി അടിയാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

വിരമിക്കാറായപ്പോഴാണ് അഴിമതിക്കെതിരെ ജേക്കബ് തോമസ് ഹരിശ്രീ കുറിക്കുന്നത്. പോലീസില്‍ ആശിച്ച പദവി കിട്ടാതായപ്പോള്‍ ജേക്കബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശം നടത്തിയെന്നും ജേക്കബ് തോമസിനെ ഊളമ്പാറയിലോ കുതിരവട്ടത്തോ കൊണ്ടു പോയി ഷോക്കടിപ്പിക്കണമെന്നും വീക്ഷണം എഴുതുന്നു.

കന്നിമാസം എത്തുമ്പോള്‍ പട്ടികള്‍ക്ക് കാമംവരുന്നതു പോലെയാണ് തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ ചിലര്‍ സര്‍ക്കാര്‍ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നതെന്നും, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം മുഖ്യമന്ത്രിക്കും, മറ്റുളളവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് മുഖപത്രം പറയുന്നു. “പുകഞ്ഞ കൊള്ളി പുറത്തെറിയണം” എന്ന തലക്കെട്ടോടെയാണ് ഡി.ജി.പിക്കെതിരെ വീക്ഷണം രൂക്ഷമായ ഭാഷയില്‍ അക്രമം അഴിച്ച് വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന അഴിമതി വിരുദ്ധ സെമിനാറിനിടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ജേക്ക് തോമസ് ഉയര്‍ത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more