| Thursday, 14th March 2013, 10:06 am

മയക്കുമരുന്ന് ഉപയോഗം: നാഡ ആവശ്യപ്പെട്ടാല്‍ സാമ്പിള്‍നല്‍കാമെന്ന് വിജേന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) ആവശ്യപ്പെടുകയാണെങ്കില്‍ സാമ്പിളുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ബോക്‌സിങ് വിജേന്ദര്‍ സിങ് വ്യക്തമാക്കി. []

അതേസമയം മയക്കുമരുന്നുപയോഗം തെളിയിക്കുന്നതിന് തലമുടിയുടെയും രക്തത്തിന്റെയും സാമ്പിളുകള്‍ പോലീസിന് നല്‍കാന്‍ വിജേന്ദര്‍ സിങ് വിസമ്മതിച്ചു.

കുറ്റവാളിയായി മുദ്രകുത്താന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പോലീസെന്നും അവരോട് സഹകരിക്കില്ലെന്നും താരം പറഞ്ഞു. അതേസമയം, കോടതിയെ സമീപിച്ച് വിജേന്ദറില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ് എന്ന് സൂചനയുണ്ട്.

തിങ്കളാഴ്ച ചണ്ഡീഗഢിലെ പോലീസ് ലൈന്‍സില്‍ അഞ്ചുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനിടെയാണ് പോലീസ് സാമ്പിളുകള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, അത് നല്‍കാന്‍ വിജേന്ദര്‍ തയ്യാറായില്ല. വൈകിട്ട് അഞ്ചുമണിയോടെയാണ് ഹരിയാന, പഞ്ചാബ് പോലീസ് സംഘങ്ങള്‍ ഒന്നിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഹരിയാന പോലീസില്‍ ഡി.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജേന്ദര്‍.

പോലീസ് തന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് വിജേന്ദര്‍ പറഞ്ഞതായി പഞ്ചാബ് ഡി.ജി.പി. സുമേധ് സിങ് സൈനി അറിയിച്ചു.

എന്നാല്‍, പോലീസ് ചോദ്യം ചെയ്യല്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടിയായിരുന്നുവെന്നാണ് വിജേന്ദറിന്റെ പക്ഷം. ഒരു ഡോക്ടറുടെ സാന്നിധ്യത്തിലല്ല സാമ്പിളുകള്‍ ശേഖരിക്കാന്‍ പോലീസ് ഒരുങ്ങിയത്. അതുകൊണ്ടാണ് അതിനോട് സഹകരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂപ് സിങ് കാലോണിന്റെ ഫോണിലേക്ക് വിജേന്ദറിന്റെ ഫോണില്‍നിന്ന് പോയ അമ്പതോളം കോളുകള്‍ക്ക് പിന്നില്‍ തന്റെ ആരാധകരും ഇന്ത്യന്‍ ക്യാമ്പിലെ മറ്റുള്ളവരുമാകാം ഉത്തരവാദികളെന്നാണ് വിജേന്ദര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more