തൃശൂര്‍: കൊച്ചി വീഗലാന്റിലെ റൈഡില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിജേഷിന് മതിയായ നഷ്ടപരിഹാരം നല്‍കാത്തതില്‍ വീഗലാന്റ് ഉടമ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി എന്തുകൊണ്ടാണ് കിടക്കയില്‍ കഴിയുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്നായിരുന്നു ഹൈകോടതിയുടെ ചോദ്യം. ചെറിയ സഹായങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്നത് പ്രസിദ്ധിക്ക് വേണ്ടിയാണോ എന്നും ഹൈകോടതി ചോദിച്ചു. വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ വിമര്‍ശനം.
ഹൈകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഡൂള്‍ന്യൂസ് വിജേഷിനെ അന്വേഷിച്ച് തൃശൂരില്‍ എത്തുന്നത്. അന്നത്തെ അപകടത്തില്‍ കഴുത്തിന് താഴെ പൂര്‍ണ്ണമായും തളര്‍ന്നുപോയ വിജേഷ് ഇന്ന് അതിജിവനത്തിന്റെ പാതയിലാണ്. “നഷ്ടപരിഹാരത്തേക്കാള്‍ മൂല്യമുള്ള അതിജീവനം.”
ALSO READ: ഇ.വി.എം ഹാക്കിങ്: വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് കോണ്‍ഗ്രസ്, അന്വേഷണം വേണം
ഡിപ്ലോമ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന വിജേഷ് 2002 ഡിസംബര്‍ 22 ന് വീഗാലാന്റിലെ 12 അടി ഉയരത്തിലുള്ള ബക്കറ്റ് ഷവര്‍ എന്ന റൈഡില്‍ നിന്നും താഴെ വീഴുകയായിരുന്നു.
വീഴ്ച്ചയില്‍ കഴുത്തിന് താഴെ പൂര്‍ണ്ണമായും പരിക്കേറ്റ് 18 വര്‍ഷമായി ചികിത്സയിലാണ്. കേരളത്തിനകത്തും പുറത്തുമായി ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ചെലവായത്. ചിറ്റിലപ്പിള്ളി ചെറിയ ഒരു തുക നല്‍കി സഹായിച്ചതല്ലാതെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് വിജേഷ് പറയുന്നു.
നിരവധി തവണ ചിറ്റിലപ്പിള്ളിയെയും മാനേജ്‌മെന്റിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ലെന്നും വിജേഷ് പറഞ്ഞു. പരിക്കേറ്റ് കിടപ്പിലായതോടെ പഠനം മുടങ്ങി, ചികിത്സക്കായി വസ്തുവകകളും വിറ്റു.
എന്നാല്‍ ചികിത്സ ഫലം കണ്ടതോടെ വിജേഷിന്റെ ആത്മവിശ്വാസവും വര്‍ധിച്ചു. കിടക്കയില്‍ നിന്നും വീല്‍ചെയറിലേക്കുള്ള മാറ്റം പഴയ ജിവിതത്തെ തിരിച്ചുപിടിക്കല്‍ ആയിരുന്നു.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് തുടരാന്‍ സാധിക്കാത്തതിനാല്‍ ബികോം എടുത്തു പഠിച്ചു. ബിരുദവും ബിരുദാന്തര ബിരുദത്തിനും ശേഷം വിജേഷ് ഇപ്പോള്‍ എം.ബി.എ പഠിക്കാനുള്ള ഒരുക്കത്തിലാണ്. ഒപ്പം സ്വന്തമായി അധ്വാനിക്കണമെന്ന ആഗ്രഹത്തില്‍ വീട്ടില്‍ ഇരുന്ന് ഓണ്‍ലൈനായി ജോലിയും ചെയ്യുന്നുണ്ട്.
പെയിന്‍ ആന്റ് പാലിയേറ്റീവ് വളണ്ടിയറും ഓള്‍ കേരള വീല്‍ ചെയര്‍ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമാണ്. ഒപ്പം നല്ലൊരു ഗായകനും. ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്ന ആര്‍ക്കും ഒരു പാഠമാണ് വിജേഷ് വിജയന്‍