മംഗളൂരു: മഹാത്മാഗാന്ധിയല്ല വേദവ്യാസനാണ് രാഷ്ട്രപിതാവെന്ന് പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ. ഉഡുപ്പിയിലെ ശ്രീകൃഷ്ണമഠത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഹാത്മാഗാന്ധിയില്‍നിന്നല്ല ഇന്ത്യന്‍ സംസ്‌കാരം ആരംഭിച്ചത്. ആ സംസ്‌കാരവും പാരമ്പര്യവും ദേശീയതയുമെല്ലാം ഉയര്‍ത്തിക്കൊണ്ടുവന്നത് വേദവ്യാസനാണ്. അതുകൊണ്ടുതന്നെ തന്റെ അഭിപ്രായത്തില്‍ വേദവ്യാസനെയാണ് രാഷ്ട്രപിതാവായി കാണേണ്ടത്.’
മഹാത്മാഗാന്ധിയെ ദേശസ്‌നേഹിയായ ഇന്ത്യയുടെ പുത്രനായി വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നാഥുറാം ഗോഡ്സെയെ ബി.ജെ.പി. എം.പി.മാര്‍ രാജ്യസ്‌നേഹി എന്നുവിളിച്ചതിനോട് തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോഡ്സെ നല്ല വ്യക്തിയായിരുന്നുവെങ്കിലും മഹത്മാഗാന്ധിയെ വധിച്ചതോടെ രാജ്യത്തിന് വന്‍ അപമാനമാണ് ഉണ്ടാക്കി വച്ചത്.
അതുകൊണ്ട് ഗോഡ്സെ ദേശാഭിമാനിയല്ല. ഗോഡ്സെയെ ദേശാഭിമാനി എന്ന് വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തനിക്ക് ഒരുപോലെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഹിന്ദുക്കളിലെ ഹിന്ദുത്വം ഉണര്‍ന്നതുകൊണ്ടാണ് കേന്ദ്രഭരണം എന്‍.ഡി.എ.യ്ക്ക് നിലനിര്‍ത്താനായത്.
കര്‍ണാടകയില്‍ ജെ.ഡി.എസ്സും കോണ്‍ഗ്രസ്സും കൈകോര്‍ത്ത് ഹിന്ദുവരുദ്ധത പ്രചരിപ്പിച്ചു. അതിന് ഹിന്ദുക്കള്‍ വോട്ടുകൊണ്ട് മറുപടികൊടുത്തു.
പ്രതിപക്ഷ പാര്‍ട്ടികള്‍ വര്‍ഗീയ പാര്‍ട്ടികളാണെന്നു ബി.ജെ.പി വന്‍ പ്രചാരണം അഴിച്ചു വിട്ടു. ഇത്തരം പ്രചാരണം ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കുന്നതിന് ഇടയാക്കി. ഇതിനെ മറികടക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.
ബി.ജെ.പിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം ഹിന്ദുത്വ കാര്‍ഡാണ്. അല്ലായിരുന്നെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ലഭിച്ചതിനെക്കാളും കൂടുതല്‍ സീറ്റുകളില്‍ വിജയം നേടാമായിരുന്നു. രാഷ്ട്രീയചര്‍ച്ചകളല്ല വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇനി ഉയര്‍ന്നുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: