ഒഡീഷയിലെ ഖനനം; ഗ്രാമസഭയുടെ അനുമതിയോടെ മാത്രം: സുപ്രീം കോടതി
India
ഒഡീഷയിലെ ഖനനം; ഗ്രാമസഭയുടെ അനുമതിയോടെ മാത്രം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th April 2013, 11:18 am

ന്യൂദല്‍ഹി: ഒഡീഷയിലെ നിയാഗിരി മലനിരകളിലെ ഖനനം സംബന്ധിച്ച് ഗ്രാമസഭകളുമായി ആലോചിച്ച് പരിസ്ഥിതി മന്ത്രാലയത്തിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. []

നിയാഗിരി മലനിരകളിലെ ഖനനവുമായി ബന്ധപ്പെട്ട് വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി വിധി. 2008 ല്‍ നിയാഗിരിയില്‍ ഖനനം നടത്തുന്നതിന് സുപ്രീം കോടതി വേദാന്തയ്ക്ക് ഫേസ് 2 ക്ലിയറന്‍സ് നല്‍കിയിരുന്നു.

എന്നാല്‍ 2010 ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവരുടെ ശക്തമായ എതിര്‍പ്പ് മൂലം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പരിസ്ഥിതി മന്ത്രാലയം റദ്ദാക്കിയിരുന്നു.

ഖനനം വിവിധ തരത്തിലുള്ള പാരിസ്ഥിതികാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പഠനത്തെ തുടര്‍ന്നാണ് പദ്ധതി റദ്ദാക്കിയത്. തുടര്‍ന്ന് പ്രദേശം പാട്ടത്തിനെടുത്ത ഒഡീഷ മൈനിങ് കമ്പനിയും വേദാന്തയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഖനനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഗ്രാമസഭയ്ക്ക് നല്‍കാന്‍ ഒഡീഷ സര്‍ക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു. ഈ വിശദാംശങ്ങള്‍ പഠിച്ച ശേഷം മൂന്ന് മാസം കഴിഞ്ഞ് ഗ്രാമസഭ തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം.