| Monday, 26th August 2024, 7:18 pm

ഞാന്‍ പത്താം ക്ലാസ്സുവരെയേ പഠിച്ചിട്ടുള്ളു; എന്റെ എഴുത്തുകള്‍ വരുന്നത് ഇവിടെ നിന്നാണ്: വേടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2020 ജൂണില്‍ ‘വോയ്സ് ഓഫ് ദി വോയ്സ്ലെസ്’ എന്ന പേരില്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരാന്‍ദാസ് മുരളി. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ‘കുതന്ത്രം’ എന്ന പാട്ടിന് വരികളെഴുതി അദ്ദേഹം കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു.

താന്‍ പത്താം ക്ലാസ് വരെ മാത്രമാണ് പഠിച്ചതെന്നും വായന കൊണ്ടാണ് തനിക്ക് എഴുതാന്‍ ഉള്ള ഭാവന ഉണ്ടാകുന്നതെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വേടന്‍ പറയുന്നു.

സാറ ജോസഫിന്റെ ഊര് കാവല്‍ എന്ന പുസ്തകമാണ് തനിക്ക് വായിക്കാന്‍ ഇഷ്ടമുള്ള പുസ്തകമെന്ന് വേടന്‍ പറയുന്നു. തമിഴ് കവിതകളാണ് വായിക്കാനും എഴുതാനും താത്പര്യമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പത്താം ക്ലാസ്സുവരെയാണ് പഠിച്ചിട്ടുള്ളത്. പ്ലസ് വണ്‍ പ്ലസ് ടു എല്ലാം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. സ്‌കൂളിലൊക്കെ പോയി പക്ഷെ പഠിക്കാനൊന്നും പറ്റിയില്ല.

ഞാന്‍ കുറച്ചൊക്കെ വായിക്കും. ഫിക്ഷനല്‍ ഹിസ്റ്ററികളാണ് കൂടുതലായും വായിക്കുന്നത്. സാറ ജോസഫിന്റെ ഊര് കാവല്‍ എന്നൊരു പുസ്തകമുണ്ട്. ഇടക്കിടക്ക് ഞാനത് വായിക്കാറുണ്ട്. നമ്മുടെ ഇതിഹാസവും പുള്ളിക്കാരി കയ്യില്‍ നിന്നിട്ടിട്ടുള്ള കുറച്ചു കാര്യങ്ങളെല്ലാം അതിലുണ്ട്. അവര്‍ എന്റെ നാട്ടുകാരിയാണ്. സാറ ജോസഫിന്റെ മകള്‍ എന്നെ പഠിപ്പിച്ചിട്ടൊക്കെ ഉണ്ട്.

ആനന്ദ് നീലകണ്ഠന്‍ സാറിന്റെ പുസ്തകങ്ങളെല്ലാം വായിക്കാറുണ്ട്. വായിക്കും പക്ഷെ വളരെ കുറച്ചു മാത്രം വായിക്കുന്നൊരാളാണ് ഞാന്‍. കവികളില്‍ എനിക്ക് ഇഷ്ടം സച്ചിന്‍ സാറിനെയാണ്. പിന്നെ തമിഴ് കവിതകളാണ് കേള്‍ക്കാനും വായിക്കാനും കൂടുതലിഷ്ടം. വായന ഉള്ളതുകൊണ്ടാണ് എഴുതാന്‍ കഴിയുന്നത്,’ വേടന്‍ പറയുന്നു.

Content Highlight: Vedan talks about his reading habit

We use cookies to give you the best possible experience. Learn more