മദ്യപിച്ച് മദോന്മത്തനായി നില്‍ക്കുമ്പോഴാണ് അദ്ദേഹം എന്റെയടുത്ത് വന്ന് സംസാരിക്കുന്നത്; പൊലീസുകാരെല്ലാം എന്റെ പാട്ടുകേള്‍ക്കുമെന്ന് അപ്പോഴാണറിയുന്നത്: വേടന്‍
2020 ജൂണില്‍ ‘വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ്’ എന്ന പേരില്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരാന്‍ദാസ് മുരളി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ‘കുതന്ത്രം’ എന്ന പാട്ടിന് വരികളെഴുതി അദ്ദേഹം കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു.
തന്റെ ആരാധകരെ കുറിച്ച് സംസാരിക്കുകയാണ് വേടന്‍. ഒരിക്കല്‍ ക്രൗണ്‍ പ്ലാസയില്‍ ഷോ കഴിഞ്ഞ് താന്‍ മദ്യപിച്ച് നില്‍ക്കുമ്പോള്‍ ഒരു പൊലീസുകാരനും അദ്ദേഹത്തിന്റെ ഭാര്യയും വന്ന് തന്റെ ഫാന്‍ ആണെന്നും പാട്ടുകളെ കുറിച്ചെല്ലാം സംസാരിച്ചെന്ന് വേടന്‍ പറയുന്നു. അപ്പോഴാണ് പൊലീസും തന്റെ പാട്ടുകേള്‍ക്കുമെന്ന് മനസിലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയസായ അമ്മമാരും തന്റെ ആരാധകരാണെന്നും അവരെയാണ് തനിക്ക് യഥാര്‍ത്ഥ ഫാന്‍സ് ആയിട്ട് തോന്നിയിട്ടുള്ളതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കണ്ണൂരില്‍ നിന്ന് ഒരു പൊലീസുകാരനും ഭാര്യയും കൂടെ ക്രൗണ്‍ പ്ലാസയില്‍ എന്റെ ഷോ നടക്കുമ്പോള്‍ കാണാന്‍ വേണ്ടി വന്നു. കണ്ണൂരില്‍ നിന്നേ ബൈക്ക് ഓടിച്ചാണ് അവര്‍ വന്നത്. അന്നാണെങ്കില്‍ കേരളത്തില്‍ മുഴുവനും ഭയങ്കര മഴയും.
ഷോ കഴിഞ്ഞിട്ട് ഞാന്‍ കയ്യിലൊരു ബിയറിന്റെ കുപ്പിയുമായിട്ടൊക്കെ നില്‍ക്കുകയായിരുന്നു. ഞാന്‍ ആണെങ്കില്‍ മദ്യപിച്ച് മദോന്മത്തനായി നില്‍ക്കുകയായിരുന്നു. ആ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും കൂടെ എന്നെ വന്ന് കണ്ട് കുറേ നേരം സംസാരിക്കുന്നത്. അപ്പോഴാണ് എനിക്ക് പൊലീസുകാരനെല്ലാം നമ്മുടെ പാട്ടു കേള്‍ക്കും എന്നറിയുന്നത്.
അദ്ദേഹത്തിന് എന്റെ എല്ലാ പാട്ടുകളും വളരെ ഡീറ്റൈല്‍ഡ് ആയിട്ടറിയാം. ഭയങ്കരമായ ഒരു ആരാധകനായിരുന്നു അദ്ദേഹം. പിന്നെ വയസായ അമ്മമാരൊക്കെ എനിക്ക് ഫാന്‍സ് ആയിട്ടുണ്ട്. പ്രൊഫസര്‍ ആയിട്ടുള്ളൊരു അമ്മ മോനേ എന്നൊക്കെ പറഞ്ഞ് വിളിക്കാറുണ്ട്. അവരൊക്കെയാണ് എന്റെ ട്രൂ ഫാന്‍സായിട്ട് എനിക്ക് തോന്നിയിട്ടുള്ളത്,’ വേടന്‍ പറയുന്നു.