|

'അതിര്‍ത്തികള്‍ തകര്‍ത്തിടാന്‍ വാ'; ആരാധകര്‍ കാത്തിരുന്ന വേടന്റെ 'വാ' ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആരാധകര്‍ കാത്തിരുന്ന മലയാളി റാപ്പര്‍ വേടന്റെ പുതിയ ഗാനം ‘വാ’ യുട്യൂബില്‍ റിലീസ് ചെയ്തു. വാ തോഴ തോളോട് തോള്‍ ചേര്‍ന്ന് പോരാടിടാം എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് പേരാണ് കണ്ടത്.

നേരത്തെ ‘വാ’യുടെ ചെറിയൊരു ഭാഗം വേടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

നടന്‍ വിനയ് ഫോര്‍ട്ട്, അവതാരകന്‍ രാജ് കലേഷ്, നര്‍ത്തകന്‍ പ്രണവ് ശശിധരന്‍ തുടങ്ങിയവരാണ് കമന്റുകളിലൂടെ വേടന് പിന്തുണയറിയിച്ചെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറങ്ങിയ വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് എന്ന റാപ്പിലൂടെയാണ് വേടന്‍ എന്ന പേരിലറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള റാപ്പുകളില്‍ ഏറ്റവും മികച്ച വരികളാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സിന്റേതെന്നാണ് ഏറ്റവും കൂടുതല്‍ വന്ന അഭിപ്രായം.

ദളിത് രാഷ്ട്രീയവും ഭൂവകാശവും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയവുമെല്ലാം ചര്‍ച്ച ചെയ്യുന്നതാണ് വേടന്റെ റാപ്പുകള്‍. ആദ്യ റാപ്പായ വോയ്‌സ് ഓഫ് വോയ്‌സ്ലെസ്സിന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.

വേട്ടയാടപ്പെടുന്നവരുടെ രാഷ്ട്രീയം പറയുന്നതായിരിക്കും തന്റെ റാപ്പുകളെന്ന് വേടന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.


Content Highlights: Vedan’s Vaa Song Out