| Monday, 26th August 2024, 10:35 am

സമാധാനം കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന വലിയ നുണ വിശ്വസിക്കുന്നവരാണ് നമ്മള്‍: വേടന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ അറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന ഹിരാന്‍ദാസ് മുരളി. ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വേടനില്‍ കാണാം. അദ്ദേഹത്തിന്റെ വോയിസ് ഓഫ് ദി വോയ്സ്ലെസ്സ് എന്ന ഗാനത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

വലിയ വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്ന മലയാളികള്‍ ശബരിമലയിലെ പ്രശ്‌നം വന്നപ്പോള്‍ റോഡില്‍ കിടന്ന് നായ്ക്കളെ പോലെ കടിച്ചുപറിച്ചെന്ന് വേടന്‍ പറയുന്നു. സായുധ പോരാട്ടം അപ്പോഴേ നമ്മുടെ നാട്ടില്‍ ആരംഭിച്ചെന്നും പൊലീസും മറ്റും കൃത്യമായി ഇടപെട്ടതുകൊണ്ടാണ് അത് അവിടെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കലാപത്തില്‍ വാളുകൊണ്ട് വെട്ടിയാല്‍ മാത്രമേ ചോര വരൂ എന്ന് മനസിലാകുകയുള്ളുവെന്നും അത് മനസ്സിലായാല്‍ മാത്രമേ പിന്നെ വെട്ടാതിരിക്കുകയുള്ളുവെന്നും വേടന്‍ പറയുന്നു. സമാധാനം കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന വലിയ നുണ വിശ്വസിക്കുന്നവരാണ് നമ്മളെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വേടന്‍ കൂട്ടിച്ചേര്‍ത്തു.

‘വലിയ വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ഒരു ശബരിമല പ്രശ്‌നം വന്നപ്പോള്‍ ആയിരത്തിലേറെ ആളുകളല്ലേ റോഡില്‍ കിടന്നുകൊണ്ട് നായ കടിച്ചു പറിക്കുന്നപോലെ നടന്നിരുന്നത്. സായുധ പോരാട്ടം നമ്മള്‍ അപ്പോഴേ മണത്തു.

എന്തോരം പ്രശ്‌നങ്ങളാ നടന്നേ. മറ്റു സംസ്ഥാങ്ങളെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ വയലന്‍സ് കുറവുള്ളതുകൊണ്ടും പൊലീസ് അടക്കമുള്ളവര്‍ നല്ല രീതിയില്‍ ശ്രമിച്ചതുകൊണ്ടുമാണ് അതിനെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞത് അല്ലെങ്കില്‍ അത് മതപരമായ പ്രശ്‌നം ആയി മാറിയേനെ.

ഇവിടെയെല്ലാം ചോരക്കളമായേനെ, കലാപമായി മാറിയേനെ. ഇത്രയും വിദ്യാഭ്യാസമുള്ളവരാണ് അങ്ങനെയൊക്കെ നടന്നിരുന്നത്. ഒരു കലാപത്തില്‍ വാളുകൊണ്ട് വെട്ടിയാല്‍ മാത്രമേ ചോര വരൂ എന്ന് മനസിലാകുകയുള്ളു. അത് മനസ്സിലായാല്‍ മാത്രമേ പിന്നെ വെട്ടാതിരിക്കുകയുള്ളു. സമാധാനം കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന വലിയ നുണ വിശ്വസിക്കുന്നവരാണ് നമ്മള്‍,’ വേടന്‍ പറയുന്നു.

Content Highlight: Vedan’s controversy statement

We use cookies to give you the best possible experience. Learn more