കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണത്തില്‍ മാപ്പു പറഞ്ഞ് മലയാളം റാപ്പ് ഗായകന്‍ വേടന്‍. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ ആല്‍ബവുമായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു വേടനെതിരെ മീടൂ ആരോപണമുയര്‍ന്നത്. ഇതോടെ പ്രോജക്ട് നിര്‍ത്തിവെയ്ക്കുന്നതായി പരാരി അറിയിച്ചു.
തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷിച്ച് വേടന്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് വേടന്‍ മാപ്പു പറഞ്ഞത്.
‘എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്.ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു,’ വേടന്‍ ഇന്‍സ്റ്റഗ്രാമിലെഴുതി.
വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ തന്നില്‍ നിന്ന് മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും താന്‍ ബാധ്യസ്ഥനാണെന്നും അത്തരം ഒരു മാറ്റം തന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
തന്റെ പെരുമാറ്റത്തില്‍ പ്രകടമായ ചില ന്യൂനതകള്‍ ശ്രദ്ധിച്ച് താക്കീത് നല്‍കിയവരെ വേണ്ട വിധം മനസിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്ന് ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ തന്നോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിച്ചു. തന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്‍മൂലനം ചെയ്യാന്‍ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വേടന്‍ പറയുന്നു.
വേടന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയമുള്ളവരെ, തെറ്റ് തിരുത്താനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്.
ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു.
വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും ഞാന്‍ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ എന്റെ പെരുമാറ്റത്തില്‍ പ്രകടമായ ചില ന്യൂനതകള്‍ ശ്രദ്ധിച്ച് താക്കീത് നല്‍കിയവരെ വേണ്ട വിധം മനസിലാക്കാന്‍ കഴിയാതെ പോയിട്ടുണ്ട്.
സ്ത്രീവിരുദ്ധമായ ഒരു ഉള്ളടക്കം വന്നു ചേര്‍ന്നിട്ടുണ്ടെന്ന് ഈ ദിവസങ്ങളില്‍ എന്നോട് സംസാരിച്ചവര്‍ ചൂണ്ടിക്കാണിച്ചു. എന്നിലെ സ്ത്രീ വിരുദ്ധതയുടെ ആഴവും അതിന്റെ പഴക്കമേറിയ അംശവും കണ്ടെത്തി ഉന്‍മൂലനം ചെയ്യാന്‍ തെറാപ്പി അടക്കമുള്ള ആവശ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നെ അല്‍പ്പം പോലും ന്യായീകരിച്ചിട്ടില്ലാത്ത, സ്ത്രീ പക്ഷത്തു നിന്ന് കൊണ്ട് എന്റെ അഹന്തയും നീക്കം ചെയ്യാന്‍ സഹായിക്കുന്നവരാണ് ഈ സമയത്തെ ശരിയായ സുഹൃത്തുക്കള്‍ എന്ന് ഞാന്‍ നന്ദിയോടെ തിരിച്ചറിയുന്നു. അനീതി നേരിടുന്ന എല്ലാവരുടെയും ഒപ്പം നിലയുറപ്പിക്കേണ്ട എന്നില്‍, സ്ത്രീ വിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു.
അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് ഞാന്‍ നഷ്ടമാക്കിയതെന്ന് അവര് ഓരോരുത്തരും എന്നെ ബോദ്ധ്യപ്പെടുത്തി. മാത്രവുമല്ല, എന്റെ പ്രിയപ്പെട്ടവര്‍ കൂടി അനാവശ്യമായി വേദനിക്കുന്നതിനും ഞാന്‍ കാരണമായി. തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ജീവിതത്തില് ഇതിനു മുമ്പില്ലാത്ത വിധം ഇക്കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് വിപുലമായ ഒരു സൗഹൃദവലയം എനിക്കുണ്ടായത്.
എന്നാല്‍ മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ കാണിക്കേണ്ട ജാഗ്രതയും കരുതലും വീണ്ടു വിചാരവും ഒക്കെ പിടിവിട്ടു പോയിട്ടുണ്ട്… ആത്മവിമര്‍ശനത്തിനും കാര്യമായി മുടക്കം സംഭവിച്ചിട്ടുണ്ട്. എന്നിലെ ആണത്തഹുങ്കും പരുഷ പ്രകടനങ്ങളും പ്രവര്‍ത്തികളും ചൂണ്ടിക്കാണിക്കപ്പെട്ട അതേ സമയങ്ങളില്‍ തിരുത്താനുള്ള ശേഷി എനിക്കുണ്ടായില്ല.
പുരുഷ മേധാവിത്തപരമായ മനോഭാവങ്ങള്‍ എത്രമാത്രം അപകടകാരമായ രോഗമാണെന്ന് മനസ്സിലാക്കുന്നു. അതിനെ എന്നില്‍ തന്നെ നിരന്തരം ചോദ്യം ചെയ്തും വിമര്‍ശനത്തെ ഉള്‍ക്കൊണ്ടും മാത്രമേ ഇനി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു. പശ്ചാത്തപിക്കാനും സ്വയം തിരുത്തി ജീവിതം തുടരാനും കല ചെയ്യാനും കഴിയണമെന്നും ഈ കടന്നു പോകുന്ന നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്നു.
തുറന്നു പറയുന്ന സ്ത്രീയ്ക്ക്, അതേത്തുടര്‍ന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെ തിരിച്ചറിയാതെ, ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു. എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം…
വന്നിടത്തേയ്ക്കു തന്നെ മടങ്ങുമായിരിക്കാം… അറിയില്ല സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാന്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്. മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Vedan Apologise Me Too Allegations