കേരളത്തിലെ യുവതലമുറയിലെ വ്യക്തമായ നിലപാടുകളുള്ള ഗാനരചയിതാവും റാപ്പറുമാണ് വേടന്‍ എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന ഹിരാന്‍ദാസ് മുരളി. വേടന്റെ പാട്ടിലൂടെയുള്ള പ്രതിഷേധം വളരെ ശക്തമാണ്.
വേടന്റെ ദേഷ്യത്തിന്റെയും വയലന്‍സിന്റെയും ഉറവിടം എവിടെ നിന്നാണെന്നുള്ള അനുപ് മേനോന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് വേടന്‍. സില്ലി മോങ്ക്‌സ് മോളിവുഡിന്ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഇരുവരും.
ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ കാണിക്കാത്ത ആളുകള്‍ ജീവിക്കുന്ന സ്ഥലത്തുനിന്നാണ് താന്‍ വരുന്നതെന്ന് വേടന്‍ പറയുന്നു. അവിടെ എല്ലാ ദിവസമെന്നോണം ആക്രമണങ്ങള്‍ കണ്ടുകൊണ്ടാണ് ഉണരുന്നതും ഉറങ്ങുന്നതും എന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
‘കേരളത്തിലെ എഴുപത് ശതമാനം പട്ടികവര്‍ഗക്കാര്‍ ജീവിക്കുന്ന ഒരു കോളനിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ ദേഷ്യവും അക്രമവുമെല്ലാം എല്ലാദിവസവും കാണുന്ന കാര്യമാണ്. ഒരു ദിവസം കാലത്തെഴുന്നേറ്റ് കാണുന്നത് ഈ വയലന്‍സ് ആണ്. ചിലപ്പോള്‍ ഉറങ്ങാന്‍ പോകുന്നതും വമ്പന്‍ വയലന്‍സ് കണ്ടിട്ടാകും. കണ്ട് കണ്ട് ഞങ്ങള്‍ക്ക് ഇതൊക്കെ നോര്‍മലായി.
ഇന്ത്യയിലെ 90 % ആളുകളും അങ്ങനെ ജീവിക്കുന്നവരാണ്. വീട്ടിലെ ഗാര്‍ഹിക പീഡനമൊക്കെ അനുഭവിച്ച് കിടന്നുറങ്ങുന്നവരായിരിക്കും. ഗാര്‍ഹിക പീഡനമെന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു. എനിക്ക് തോന്നുന്നത് അതുകൊണ്ടായിരിക്കാം എന്റെ ഉള്ളില്‍ ദേഷ്യവും വയലന്‍സും വന്നത്. മാധ്യമങ്ങള്‍ ഇന്ത്യയെ കുറിച്ചോ കേരളത്തെ കുറിച്ചോ പറയുമ്പോള്‍ കാണിക്കാത്ത ആളുകളുടെ ഇടയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവിടെ ഉള്ള ആളുകളൊക്കെ ഇങ്ങനെത്തന്നെയാണ് ജീവിക്കുന്നത്,’ വേടന്‍ പറയുന്നു.
പാട്ടുകളിലൂടെ തന്റെ പ്രതിഷേധം പറയാന്‍ പറ്റുമെന്നും പുറത്തിറങ്ങി പറഞ്ഞാല്‍ അടികിട്ടുമെന്നും ഇവിടെ ഇപ്പോഴും ജാതീയത ഉണ്ടെന്നും വേടന്‍ പറയുന്നു.
‘ഞാന്‍ പണനല്ല പുലയനല്ല നീ തമ്പുരാനുമല്ല എന്നതൊക്കെ എനിക്ക് പാട്ടിലൂടെ വേണമെങ്കില്‍ പറയാം. പുറത്തു പോയി പാടിയാല്‍ തല്ല് കിട്ടും. അങ്ങനത്തെ ആളുകള്‍ ഇപ്പോളുമുണ്ട്. ഓരോ അര കിലോ മീറ്ററിലും ജാതി മാട്രിമോണി കാണാന്‍ പറ്റുന്ന സ്ഥലമാണ് എറണാകുളം സിറ്റി. അവിടെ ജാതി ഇല്ലെന്നൊക്കെ പറഞ്ഞാല്‍ കോമഡി ആണ്” തന്റെ നിലപാടുകള്‍ വേടന്‍ പറഞ്ഞു.