ജോഡോ യാത്ര ബാനറില്‍ സവര്‍ക്കറിന്റെ ചിത്രം
Kerala News
ജോഡോ യാത്ര ബാനറില്‍ സവര്‍ക്കറിന്റെ ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2022, 1:34 pm

ആലുവ: ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില്‍ സംഘപരിവാര്‍ ആചാര്യന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രവും. എന്നാല്‍ സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം.

സംഭവം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ പങ്കുവെച്ചുകൊണ്ട്
‘സങ്കി ഏതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടി വരുന്ന ലീഗുകാരേ ഇത് സത്യമാണെന്ന് പറഞ്ഞ് മനസ്സിലാക്കുന്നതാണു ഇനി ടാസ്‌ക്’ എന്നാണ് പി.വി. അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ തിരി കൊളുത്തുന്ന പ്രതിപക്ഷ നേതാവുള്ള, ലൂഡോ യാത്രയുടെ ബാനറില്‍ സവര്‍ക്കര്‍ ഇടം പിടിച്ചതില്‍ എന്ത് സംശയം, അതെന്താ ഇത്ര വിമര്‍ശിക്കാന്‍?

സവര്‍ക്കറിന്റെ പേരില്‍ സ്റ്റാമ്പ് വരെ ഇറക്കിയ ആളുകളെപ്പറ്റി ആണ് ഫ്‌ളെക്‌സ്‌ വെച്ച കാര്യം പറയുന്നത്, എന്തായാലും ഈ യാത്ര കഴിയുമ്പോ കുട്ടത്തോടെ പോണ്ടതല്ലേ… അപ്പോ അഡ്വാന്‍സ്ഡ് ആയിട്ടു ഇട്ടതാ.

ഹിന്ദുത്വയെ ഗാന്ധിസം കൊണ്ട് മറച്ചിട്ടുണ്ട്, നാളെ വെക്കാന്‍ ഉള്ള ബോര്‍ഡ് ഇന്ന് തന്നെ വെച്ചു എന്നേ ഉള്ളു, തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ സംഭവത്തെ പരിഹസിച്ചുകൊണ്ട് വരുന്നത്.

Content Highlight: VD Savrkar’s Photo in Bharat Jodo Yatra Banner