| Monday, 15th August 2022, 8:36 pm

സവര്‍ക്കറെ വീര്‍ സവര്‍ക്കറാക്കിയ ചിത്രഗുപ്ത, ഏകാധിപതിയായേക്കാവുന്ന നെഹ്റുവിനെക്കുറിച്ചെഴുതിയ ചാണക്യന്‍

നീതു രമമോഹന്‍

ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ വി.ഡി. സവര്‍ക്കര്‍ മുന്നോട്ടുവെച്ചിരുന്ന ‘രാഷ്ട്രീയം’ വീണ്ടും ചര്‍ച്ചയാവുകയാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അടിത്തറയിട്ടുകൊണ്ട് ജനാധിപത്യ ഇന്ത്യയ്ക്ക് ‘സംഭാവന’ നല്‍കിയ സവര്‍ക്കറെ ഭഗത് സിങ്ങിനേക്കാളും ഗാന്ധിയേക്കാളും നെഹ്‌റുവിനേക്കാളുമെല്ലാം വലിയ സ്വാതന്ത്ര്യസമര സേനാനിയായും ദേശസ്‌നേഹിയുമായാണ് സംഘപരിവാര്‍ വാഴ്ത്തുന്നത്.

75ാം സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന, ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് അടിത്തറയിട്ട ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍മോചിതനായ സവര്‍ക്കറെയാണ് നെഹ്‌റുവിന് തൊട്ടുപിന്നാലെ മോദി അനുസ്മരിച്ചത് എന്നതും ശ്രദ്ധേയമാണ്.

1947ലെ ഇന്ത്യയുടെ വിഭജനത്തിന് കാരണം നെഹ്‌റുവാണെന്ന ബി.ജെ.പി പ്രസ്താവന പുറത്തുവന്ന് ഒരു ദിവസത്തിനിപ്പുറമാണ് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ബി.ജെ.പി പ്രധാനമന്ത്രി നെഹ്‌റുവിനെ ‘സ്മരിച്ചത്’ എന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ നെഹ്‌റുവും സവര്‍ക്കറും മുന്നോട്ടുവെച്ച രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും സൂചിപ്പിക്കുന്ന മറ്റൊരു വശം പരിശോധിക്കുകയാണിവിടെ. ചിത്രഗുപ്ത, ചാണക്യന്‍ എന്നിവരെഴുതിയ രണ്ട് പുസ്തകങ്ങളാണ് വിലയിരുത്തലിന്റെ അടിസ്ഥാനം.

1937ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ജവഹര്‍ലാല്‍ നെഹ്‌റു മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ശേഷം ‘ചാണക്യന്‍’ എന്നയാള്‍ എഴുതിയ ലേഖനമായിരുന്നു ‘രാഷ്ട്രപതി’.

ബംഗാളി ചിന്തകനായ രാമാനന്ദ ചാറ്റര്‍ജി സ്ഥാപിച്ച കല്‍ക്കട്ട ആസ്ഥാനമായ ‘മോഡേണ്‍ റിവ്യൂ’ (Modern Review) എന്ന മാസികയിലായിരുന്നു 1937ല്‍ ഈ ലേഖനം അച്ചടിച്ചുവന്നത്.

മൂന്നാം തവണയും ഐ.എന്‍.സിയുടെ പ്രസിഡന്റായതോടെ നെഹ്‌റുവിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പ്രാമുഖ്യത്തെ ഇന്ത്യയിലെ ജനങ്ങള്‍ ഏകാധിപത്യ ഭരണരീതിയായ സീസറിസമായി (റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് സമാനമായ ഭരണം) വിലയിരുത്തിയേക്കുമോ എന്ന ചാണക്യന്റെ ആശങ്കയുടെ പ്രതിഫലനമായിരുന്നു ആ ലേഖനം.

‘വിജയിയായി കടന്നുപോകുന്ന സീസര്‍’ എന്നാണ് നെഹ്റുവിനെ ‘ചാണക്യന്‍’ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ചെറിയ ഒരു ട്വിസ്റ്റ് സംഭവിച്ചാല്‍ പോലും ഇദ്ദേഹം ഒരു സ്വേച്ഛാദിപതിയായി മാറിയേക്കാമെന്നും അദ്ദേഹം പറയുന്നു.

നേതാക്കളുടെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യേണ്ടതിന്റെയും അവരുടെ അധികാരം പരിശോധിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യമായിരുന്നു ഇതിലൂടെ ചാണക്യന്‍ ഊന്നിപ്പറയാന്‍ ശ്രമിച്ചത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

സ്ഥാനമാനങ്ങളുടേയും അതിലൂടെ ഉണ്ടായേക്കാവുന്ന അഹങ്കാരത്തിന്റെയും അപകടങ്ങളെക്കുറിച്ച് കൃത്യമായി അറിയാമായിരുന്ന ചാണക്യന്‍ ഈ വിഷയങ്ങളില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തിയിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘രാഷ്ട്രപതി’.

കോണ്‍ഗ്രസിലെ ചോദ്യം ചെയ്യപ്പെടാനില്ലാത്ത ശക്തികേന്ദ്രമായി നെഹ്‌റു മാറുന്നതില്‍ പതിയിരിക്കുന്ന അപകടമായിരുന്നു ലേഖനത്തിന്റെ വിഷയം.

”താല്‍പര്യവും ശ്രദ്ധയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത്. എന്നാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം അതിന് വലിയ പ്രാധാന്യമുണ്ട്.

കാരണം നെഹ്‌റു ഇന്ത്യയുടെ വര്‍ത്തമാനകാലവുമായും ഒരുപക്ഷേ ഭാവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് വലിയ ഗുണമോ വലിയ ആഘാതമോ ഏല്‍പ്പിക്കാനുള്ള ശക്തി നെഹ്‌റുവിലുണ്ട്.

അതുകൊണ്ട് ഈ ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരം തേടേണ്ടതുണ്ട്,” നെഹ്‌റുവിനെക്കുറിച്ച് ‘മുന്നറിയിപ്പ്’ നല്‍കിക്കൊണ്ട് ലേഖനത്തില്‍ ചാണക്യന്‍ പറയുന്നു.

”മതേതരവാദിയും സോഷ്യലിസ്റ്റുമാണ് അദ്ദേഹം. ഒരുപക്ഷെ ഇതൊക്കെ അദ്ദേഹത്തിന്റെ കാപട്യമായിരിക്കും, എടുത്തണിയുന്ന മുഖം മൂടിയായിരിക്കും. അധികാരം ഉറപ്പിക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഉള്ളില്‍ ചിന്തിക്കുകയാവാം.

ജവഹര്‍ലാലിനെ പോലുള്ള ആളുകള്‍, മഹത്തായ കര്‍മങ്ങള്‍ ചെയ്യാന്‍ ശേഷിയുള്ളവര്‍ ഈ ജനാധിപത്യത്തില്‍ സുരക്ഷിതരല്ല. താന്‍ ഒരു ജനാധിപത്യവാദിയാണെന്നും സോഷ്യലിസ്റ്റാണെന്നും അവര്‍ സ്വയം വിളിക്കുന്നു, സംശയമില്ല, അവര്‍ അത് ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്യുന്നുണ്ട്.

എന്നാല്‍ ആത്യന്തികമായി മനസ് ഹൃദയത്തിന്റെ അടിമയാണെന്ന് ഓരോ മനശാസ്ത്രജ്ഞനും അറിയാം. ആഗ്രഹങ്ങളുമായും സ്വയം പ്രേരണകളുമായും ഇണങ്ങാന്‍ എല്ലായ്‌പ്പോഴും യുക്തിക്ക് കഴിയും.

ഒരു ചെറിയ ട്വിസ്റ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒരു സ്വേച്ഛാധിപതിയാക്കി മാറ്റിയേക്കാം. ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഭാഷയും മുദ്രാവാക്യങ്ങളും അദ്ദേഹം ഉപയോഗിച്ചേക്കാം. എന്നാല്‍ ഫാസിസം ഈ ഭാഷയില്‍ എങ്ങനെ കൊഴുത്തുവെന്നും പിന്നീട് അതിനെ ഉപയോഗശൂന്യമായ തടിയാക്കി വലിച്ചെറിഞ്ഞെന്നും നമുക്കെല്ലാവര്‍ക്കുമറിയാം.

ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു ഫാസിസ്റ്റാകാന്‍ കഴിയില്ല. എങ്കിലും ഒരു സ്വേച്ഛാധിപതിയുടെ എല്ലാ രൂപഭാവങ്ങളും അദ്ദേഹത്തിലുണ്ട് – വലിയ ജനപ്രീതി, ലക്ഷ്യത്തിലേക്ക് നയിക്കുന്ന ശക്തമായ ഇച്ഛാശക്തി, ഊര്‍ജം, അഭിമാനം, സംഘടനാ ശേഷി, കൂടാതെ ജനക്കൂട്ടത്തിന്റെ സ്‌നേഹവും.

അവിടെയാണ് നെഹ്‌റുവിനും ഇന്ത്യയ്ക്കുമുള്ള ഭീഷണി,” ലേഖനത്തില്‍ ചാണക്യന്‍ കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യപ്പെടാത്ത അധികാരസ്ഥാനങ്ങള്‍ എങ്ങനെ ജനാധിപത്യത്തെ സ്വേച്ഛാദിപത്യത്തിലേക്ക് നയിക്കുന്നു എന്നതിലുള്ള മുന്നറിയിപ്പ് മറ്റാരും ലോകത്തോട് പറയാത്തതിനാല്‍ പറയുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ലേഖനം എഴുതിയ ‘ചാണക്യന്‍’ ജവാഹര്‍ലാല്‍ നെഹ്‌റു തന്നെയായിരുന്നുവെന്ന് ഏറെക്കഴിഞ്ഞാണ് ലോകമറിഞ്ഞത്. ചാണക്യന്‍ എന്ന നെഹ്‌റുവിന്റേതായിരുന്നു രാഷ്ട്രപതി എന്ന ലേഖനം.

ഇതേ നാണയത്തിന്റെ മറ്റൊരു വശമായി പരിശോധിക്കപ്പെടേണ്ടതാണ് ‘ചിത്രഗുപ്ത’ എഴുതിയ ദ ലൈഫ് ഓഫ് വീര്‍ സവര്‍ക്കര്‍ (The Life of Veer Savarkar) എന്ന പുസ്തകം.

1910ല്‍ അറസ്റ്റിലായി, 1911 മുതല്‍ 1920 വരെ തുടര്‍ച്ചയായി ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച്, ഒടുവില്‍  1926ല്‍ ജയില്‍മോചിതനായതിന് ശേഷം സവര്‍ക്കറുടെ ജീവിതത്തെക്കുറിച്ച് പുറത്തിറങ്ങിയ ആദ്യത്തെ പുസ്തകമായിരുന്നു ദ ലൈഫ് ഓഫ് വീര്‍ സവര്‍ക്കര്‍ എന്നത്. ഒരു ജീവചരിത്ര പുസ്തകമായായിരുന്നില്ല പുറത്തിറങ്ങിയത്.

സവര്‍ക്കറെ ആദ്യമായി ‘വീര്‍’ എന്ന് വിശേഷിപ്പിച്ചത് ദ ലൈഫ് ഓഫ് വീര്‍ സവര്‍ക്കര്‍ ആയിരുന്നു. ഈ പുസ്തകത്തിന്റെ ഒരുപാട് പതിപ്പുകളും പിന്നീട് പുറത്തിറങ്ങുകയുണ്ടായി.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ ‘ചിത്രഗുപ്ത’ന്‍ ആരാണെന്ന് ലോകമറിഞ്ഞത്. ചിത്രഗുപ്ത എന്ന തൂലികാ നാമത്തില്‍ ദ ലൈഫ് ഓഫ് വീര്‍ സവര്‍ക്കര്‍ എന്ന ‘സ്വയം പുകഴ്ത്തല്‍’ പുസ്തകം പ്രസിദ്ധീകരിച്ചത് സവര്‍ക്കര്‍ തന്നെയായിരുന്നു. തന്നെ വീര്‍ എന്ന് ആദ്യമായി വിശേഷിപ്പിച്ചതിന്റെ ‘റെക്കോഡും’ അങ്ങനെ സവര്‍ക്കര്‍ സ്വന്തം പേരിലാക്കി.

‘തന്നെ പുകഴ്ത്താന്‍ മറ്റൊരു ജീവചരിത്രകാരന്റെയും ആവശ്യമില്ല, താന്‍ തന്നെ ധാരാളം’ എന്ന സവര്‍ക്കര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെയാണ് ഇന്ന് ആര്‍.എസ്.എസും സംഘപരിവാറും ബി.ജെ.പിയും മറ്റ് ഹിന്ദുത്വ സംഘടനകളും ചേര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തില്‍ കൊട്ടിഘോഷിക്കുന്നത്.

ചാണക്യനെയും ചിത്രഗുപ്തനെയും പരിശോധിക്കുന്നതിനിടയില്‍ നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത് സവര്‍ക്കറുടെയും നെഹ്‌റുവിന്റെയും വിരുദ്ധ ദ്രുവങ്ങളിലുള്ള ‘മുഖങ്ങളാണ്’. സ്വാതന്ത്ര്യ ദിനത്തില്‍ തൂക്കുന്ന ഫ്‌ളക്‌സുകളില്‍ ഇവരുടെ മുഖങ്ങള്‍ അടുത്തടുത്ത് അച്ചടിക്കുമ്പോഴും പ്രസംഗത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അനുസ്മരിക്കുമ്പോള്‍ നെഹ്‌റുവിന്റെയും സവര്‍ക്കറുടെയും പേര് ഒരുമിച്ച് പരാമര്‍ശിക്കുമ്പോഴും നമ്മള്‍ ത്യജിക്കുന്നതും അപമാനിക്കുന്നതും ജനാധിപത്യ ഇന്ത്യയെ തന്നെയാണ്…

Content Highlight: VD Savarkar’s book and Jawaharlal Nehru’s essay in pen names shows the difference in the politics they conveyed

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more