ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു; പൊലീസ് അകമ്പടിയൊന്നും എനിക്ക് വേണ്ട: വി.ഡി. സതീശന്‍
Kerala News
ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു; പൊലീസ് അകമ്പടിയൊന്നും എനിക്ക് വേണ്ട: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th March 2023, 8:16 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് വി.ഡി. സതീശന്‍. യു.ഡി.എഫ് പ്രതിഷേധം തുടരുമെന്നും തന്നെ തടയേണ്ടവര്‍ക്ക് തടയാമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എല്‍.ഡി.എഫ് കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നു. ഞാന്‍ മുഖ്യമന്ത്രിയെ പോലെ പൊലീസുകാര്‍ക്ക് ഇടയിലേക്ക് ഓടി ഒളിക്കില്ല. ഒരു പൊലീസുകാരന്റെ അകമ്പടി പോലും ഇല്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഞാന്‍ സഞ്ചരിക്കും

ജയരാജന്റെ അജ്ഞാത വാസത്തിന് ശേഷമുള്ള ഈ വരവ് പിണറായി സര്‍ക്കാരിനെ കൂടുതല്‍ വെല്ലുവിളികളിലേക്ക് തള്ളിവിടാനാണ്,’ സതീശന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നടത്തിയ ‘ബിന്‍ ലാദന്‍’ പരാമര്‍ശം കേരള രാഷ്ട്രീയത്തല്‍ ഒരാള്‍ പറയാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവും പുറത്തിറങ്ങില്ലെന്നായിരുന്നു ഇ.പി. ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

‘കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും. ഇത്തരത്തിലുള്ള സമരത്തിനിറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്,’ എന്നായിരുന്നു ഇ.പിയുടെ പ്രതികരണം.