| Friday, 31st March 2023, 12:40 pm

ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി; വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്ത വിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഴിമതി വിരുദ്ധ സമിതിയായ ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ മുഴുവന്‍ വാദങ്ങളും ഒരു വര്‍ഷം മുന്നേ പൂര്‍ത്തിയായ സ്ഥിതിക്ക് എന്തിനായിരുന്നു വിധി പുറപ്പെടുവിക്കാന്‍ ഇത്ര കാലതാമസമെടുത്തതെന്നും വി.ഡി സതീശന്‍ ചോദിച്ചു. ലോകായുക്ത വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലോകായുക്ത പുറപ്പെടുവിച്ചത് വിചിത്രമായ വിധിയാണ്. കേരളത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധിയാണിത്.

കേസില്‍ മുഴുവന്‍ വാദങ്ങളും കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞാണ് വിധി വന്നത്. എന്തിനായിരുന്നു ഇത്രകാലതാമസമെന്ന് ആര്‍ക്കുമറിയില്ല. ഇതിലെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാന്‍  ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്നും വിധി വരില്ലായിരുന്നു.

കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് ബെഞ്ചിന് ഇപ്പോള്‍ ഭിന്നാഭിപ്രായമുള്ളത്. 2019ല്‍ സമാനമായ പ്രശ്‌നമുയര്‍ന്നപ്പോള്‍ അന്നത്തെ ലോകായുക്തയും രണ്ട് ഉപലോകായുക്തയും ചേര്‍ന്ന് കേസ് നിലനില്‍ക്കുമെന്ന് വിധിച്ചതാണ്. എന്നിട്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കേസ് മൂന്നംഗ ബെഞ്ചിലേക്ക് പോകണമെന്ന വാദം അത്ഭുതപ്പെടുത്തുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇത് ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്,’ വി.ഡി. സതീശന്‍ പറഞ്ഞു.

Content Highlight: vd satheeshsn react on lokayuktha case

We use cookies to give you the best possible experience. Learn more