Kerala News
പൊലീസിന് ഇരട്ട നീതി; സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ നടക്കുന്നത് പാര്‍ട്ടി നടപടി മാത്രം: വി.ഡി. സതീശന്‍
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എ.ഐ ക്യാമറ പദ്ധതിയില്‍ വഴിവിട്ട കരാര്‍ നല്‍കിയ സംഭവത്തിലും കെ ഫോണ്‍ ക്രമക്കേടിലും എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിട്ടും എന്തുകൊണ്ടാണ് എവിടെയും എത്താതെ പോയതെന്നും സതീശന്‍ ചോദിച്ചു.
’70 കോടിയില്‍ താഴെ തീര്‍ക്കാമായിരുന്ന എ. ഐ ക്യാമറകള്‍ 150 കോടിയിലധികം ചെലവാക്കി നിര്‍മിക്കുകയും അതില്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള പ്രസാഡിയോ എന്ന കമ്പനിക്ക് വഴിവിട്ട് കരാര്‍ കൊടുക്കാനും ഇടയായ സാഹചര്യത്തെ കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും. കെ ഫോണ്‍ ഇടപാടില്‍ 1028 കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം 1538 കോടിയാക്കി വര്‍ധിപ്പിച്ചു. 50 ശതമാനത്തിലേറെ എസ്റ്റിമേറ്റ് നടത്തി ധനകാര്യ വകുപ്പിന്റെ നിര്‍ദേശങ്ങളെ മറികടക്കുകയും ചൈനീസ് കേബിള്‍ ഉള്‍പ്പെടെ വാങ്ങിയതിലുള്ള ക്രമക്കേടുകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അതിലും മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോ എന്ന കമ്പനിയുടെ ഇടപെടല്‍ ദുരൂഹമായിരിക്കെ എന്തുകൊണ്ടാണ് അതില്‍ അന്വേഷണത്തിന് തയ്യാറാകാത്തത്.
മഹാമാരിയുടെ കാലത്ത് കേരള മെഡിക്കല്‍ കോളേജ് കോര്‍പ്പറേഷന്‍ വഴി നടത്തിയ പി.പി കിറ്റ്, ഗ്ലൗസ് അടക്കമുള്ള പര്‍ച്ചേഴ്‌സ്, എല്ലാ സ്റ്റോര്‍ പര്‍ച്ചേഴ്‌സ് മാനുവലിന്റെ പ്രൊവിഷന്‍സ് ലംഘിച്ചുകൊണ്ട് നടത്തിയ പര്‍ച്ചേഴ്‌സാണ്. വഴിവിട്ട ഈ പര്‍ച്ചേഴ്‌സിന് എന്തുകൊണ്ടാണ് മുഖ്യമന്ത്രി അനുവാദം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കണം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയിലിലായിരുന്നു. മുഖ്യമന്ത്രി ലൈഫ് മിഷന്റെ ചെയര്‍മാനാണ്. ഗള്‍ഫില്‍ നിന്നും വന്ന 20 കോടി രൂപയില്‍ 9.15 കോടി രൂപ 46 ശതമാനം കമ്മീഷനാണ് ലൈഫ് മിന്‍ പദ്ധതിയില്‍ അടിച്ചുമാറ്റിയത്. അതില്‍ എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തിയിട്ടും എവിടെയും എത്താതെ പോയത്. മുഖ്യമന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമില്ലേ,’ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊലീസ് ഇരട്ട നീതിയാണ് കാണിക്കുന്നതെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. പല കേസുകളിലും പാര്‍ട്ടിയാണ് (സി.പി.ഐ.എം) നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം നേതാക്കള്‍ പല കേസുകളിലും പെടുമ്പോള്‍ പാര്‍ട്ടിയാണ് നടപടി എടുക്കുന്നതെന്നും സി.പി.ഐ.എം നേതാക്കള്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ പൊലീസ് ഇരട്ട നീതിയാണ് കാണിക്കുന്നത്. തിരുവമ്പാടിയിലെ മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ് പോക്‌സോ കേസില്‍ ഇടപെട്ട് പൊലീസുമായി കൂട്ടുചേര്‍ന്ന് യഥാര്‍ത്ഥ പ്രതിയെ മാറ്റി മറ്റൊരു പ്രതിയെ നല്‍കി. പാര്‍ട്ടി നടപടി മാത്രമാണ് എടുത്തത്. പാര്‍ട്ടിയാണോ പൊലീസ് സ്റ്റേഷന്‍, പാര്‍ട്ടിയാണോ കോടതി. എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നില്ല. തൃശൂരിലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ത്രീ അപമാനിച്ചുവെന്ന് പരാതി കൊടുത്തിട്ട്, പാര്‍ട്ടിയിലെ നടപടി മാത്രം. എന്തുകൊണ്ടാണ് ആ പരാതി പാര്‍ട്ടിയും മുഖ്യമന്ത്രിയും അത് പൊലീസിനെ കൊണ്ട് അന്വേഷിപ്പിക്കാതിരുന്നത്. ആലപ്പുഴയില്‍ അര ഡസനോളം സി.പി.ഐ.എം നേതാക്കള്‍ സ്ത്രീ വിഷയത്തിലും ലഹരി ഉപയോഗത്തിലുമൊക്കെ പെട്ടുകിടക്കുകയാണ്. അവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്, എന്നാല്‍ പാര്‍ട്ടി നടപടി എടുത്താല്‍ മതിയോ. പൊലീസ് നടപടി വേണ്ടെ, നിയമ നടപടി വേണ്ടെ.
അപ്പോള്‍ കേരളത്തിലെ സി.പി.ഐ.എം നേതാക്കള്‍ക്ക് ഒരു നീതിയും, ബാക്കിയുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ്. ഇതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്. സംസ്ഥാനത്ത് രൂക്ഷമായ ധന പ്രതിസന്ധിയാണ്. ഇവിടെ നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല, കാര്‍ഷിക മേഖല ആകെ തകര്‍ന്നു, രൂക്ഷമായ വിലക്കയറ്റമാണ്. സപ്ലൈക്കോ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 87 ലക്ഷം ആളുകള്‍ക്ക് കിറ്റ് കൊടുക്കുമെന്ന പറഞ്ഞിട്ട് 6 ലക്ഷം പേര്‍ക്കാക്കി ചുരുക്കി. ഈ ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റം ജനങ്ങള്‍ നേരിടുമ്പോള്‍ മാര്‍ക്കറ്റില്‍ ഇടപെടേണ്ട സപ്ലൈക്കോയെ നോക്കുക്കുത്തിയാക്കി മാറ്റി. ഇവയ്ക്ക് ഉത്തരം പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്,’ വി.ഡി സതീശന്‍ പറഞ്ഞു.
Content Highlights: VD Satheeshn against pinarayi vijayan