| Thursday, 21st September 2023, 7:14 pm

'സുധാകരനെയും എന്നെയും കള്ളക്കേസില്‍ കുടുക്കി, ഇപ്പോള്‍ മാത്യുവും; പിണറായി പയറ്റുന്നത് നെറികെട്ട രാഷ്ട്രീയ തന്ത്രം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സതീശന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെയും എന്നെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ലൈംഗികാരോപണ കേസില്‍ കുടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയും ജനങ്ങള്‍ക്ക് മുന്നിലുണ്ട്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച് പൊതുസമൂഹത്തിന് മുന്നില്‍ നാണംകെട്ട് നില്‍ക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും വിജിലന്‍സിനെയും പൊലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ഭയപ്പെടുത്താന്‍ നോക്കേണ്ട. അധികാരത്തിന്റെ അഹങ്കാരത്തില്‍ ചെയ്യുന്നതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.

സി.പി.ഐ.എം നേതാക്കളും സര്‍ക്കാരിന് വേണ്ടപ്പെട്ടവരും എന്ത് ചെയ്താലും സംരക്ഷണം നല്‍കുകയും ഭരണനേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് പിണറായി വിജയന് കീഴിലുള്ള പൊലീസ് നടപ്പാക്കുന്നത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ മാത്യു കുഴല്‍നാടനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം യു.ഡി.എഫും കോണ്‍ഗ്രസും രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: VD Satheeshan support Mathew Kuzhalnadan

We use cookies to give you the best possible experience. Learn more