Kerala News
പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ചുമത്തിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തത് ജനങ്ങളെ ബോധിപ്പിക്കാന്‍: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 17, 05:29 am
Friday, 17th March 2023, 10:59 am

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ഭരണപക്ഷം വ്യാജ കേസുകള്‍ ചുമത്തിയിരിക്കുകയാണെന്നും വാദി പ്രതിയായ അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

‘നിയമസഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാദി പ്രതിയായിരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കലാപം നടത്തി എന്നതുള്‍പ്പെടെ ജാമ്യമില്ലാത്ത കേസുകളാണ് കൊടുത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന സെഷന്‍സ് കേസാണ് ഈ വാദികളായ എം.എല്‍.എമാര്‍ക്ക് കിട്ടിയത്. അവര്‍ക്ക് മര്‍ദനവും ഏറ്റു, അവര്‍ കേസും കൊടുത്തു.

അവരുടെ പരാതിയില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കും വാച്ച് ആന്‍ഡ് ഗാര്‍ഡിനും എതിരെ എടുത്ത കേസ് ജാമ്യമുള്ളതാണ്. അത് വെറുതെ പേരിന് എടുത്ത കേസാണ്. കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്കെതിരെ കൂടിയാണ് ഈ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസെടുത്തിരിക്കുന്നത്. വെളുപ്പിന് ഒന്നരയ്ക്കും രണ്ടരയ്ക്കും ആണ് ഈ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നിട്ട് എട്ട് മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടിയതിന്റെ കാപട്യം എല്ലാവര്‍ക്കും മനസിലായിക്കാണും,’ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാറി മാറി വരുന്ന പ്രതിപക്ഷങ്ങള്‍ അനുഭവിച്ചിരുന്ന അവകാശമാണ് അടിയന്തര പ്രമേയത്തിനുള്ള അനുമതി തേടലും അത് സംബന്ധിച്ച ചര്‍ച്ചകളും. അടിയന്തര പ്രമേയം വഴി പേരെടുത്ത ഒരുപാട് മന്ത്രിമാരുണ്ട് പ്രതിപക്ഷത്തും ഭരണപക്ഷത്തും. ഭരണപക്ഷത്തിന് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറയുന്നതിന് ആ അവകാശം പൂര്‍ണമായി ഇല്ലാതാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരുന്നാല്‍ പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഒമ്പത് മിനിറ്റ് മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തിരുന്നു.

Content Highlight: VD satheeshan slams state government over cases filed against opposition MLAs