തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് രോഷാകുലനായതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തുടര്‍ച്ചയായി ഒരേ ചോദ്യം ചോദിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹത്തോട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് പറഞ്ഞതെന്നായിരുന്നു വി.ഡി സതീസന്റെ പ്രതികരണം.
സൗമ്യമായി തന്നെയാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
‘വയനാട്ടില്‍ വെച്ച് പത്രസമ്മേളനം നടത്തിയപ്പോള്‍ ഒരു പത്രപ്രവര്‍ത്തകനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഞാന്‍ പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ നിരന്തരമായി എന്നെ ശല്യപ്പെടുത്തി. അയാള്‍ ഒരു ചോദ്യം ചോദിച്ചു, ഞാനതിന് ഉത്തരം പറഞ്ഞു. രണ്ടാമത് അതേ ചോദ്യം ചോദിച്ചു. അപ്പോഴും മറുപടി പറഞ്ഞു.
മൂന്നാമതും നാലാമതും അഞ്ചാമതും അതേ ചോദ്യം തന്നെ വീണ്ടും ചോദിച്ച്, ആ പത്രസമ്മേളനം അലങ്കോലപ്പെടുത്തണം എന്ന ഉദ്ദേശത്തോടുകൂടി ഒരാള്‍ വന്നിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞതാണ്, ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് നടത്തുന്ന പത്രസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ അങ്ങ് ഇവിടെ നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുതെന്ന് സഭ്യമായ ഭാഷയിലാണ് അയാളോട് പറഞ്ഞത്. ഇത് വലിയ സംഭവമാക്കി മുഖ്യമന്ത്രി സംസാരിക്കുകയാണ്,’ വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കടക്കുപുറത്തെന്ന് മാധ്യമപ്രവര്‍ത്തകരെ ശാസിച്ചതും, മാധ്യമപ്രവര്‍ത്തകനോട് ആക്രോശിച്ചതും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ ചെയ്തിട്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നല്ലപിള്ള ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിമന്‍ഷ്യ(മറവിരോഗം) രോഗം ബാധിച്ച, ഇന്നലെ വരെയുള്ള കാര്യങ്ങള്‍ മറന്നയാളെപ്പോലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
‘നിയമസഭയില്‍ ഹീനമായ പ്രവര്‍ത്തികളാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ എന്താണ് ചെയ്തത്? ഞങ്ങള്‍ വെളിയിലിറങ്ങി ഞങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഒരു നിയമസഭ മുഴുവന്‍ അടിച്ചു തകര്‍ക്കാന്‍, ഡയസില്‍ കയറി സ്പീക്കറെ തടയാന്‍, സ്പീക്കറുടെ കസേര എടുത്ത് നിലത്തിടാന്‍, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ സ്വന്തം എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് പറഞ്ഞയച്ച പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍ എന്ന് അദ്ദേഹം മറന്നുപോയി.
നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപമാനകരമായ സംഭവമുണ്ടാക്കാന്‍ നിര്‍ദേശം കൊടുത്ത പിണറായി വിജയന്‍ ഇന്ന് വെളിയിലറങ്ങി മുദ്രാവാക്യം വിളിച്ചതിന് ഞങ്ങളെ നിയമസഭയുടെ ചട്ടം പഠിപ്പിക്കാന്‍ വരികയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഞങ്ങള്‍ നിയമസഭയുടെ ചട്ടം പഠിക്കാന്‍ താത്പര്യപ്പെടുന്നില്ല,’ വി.ഡി സതീശന്‍ പറഞ്ഞു.
Content Highlight: VD satheeshan slams pinarayi vijayan