സർക്കാരിന്റെ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ല: വി.ഡി. സതീശൻ
Kerala News
സർക്കാരിന്റെ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഗവർണർക്കില്ല: വി.ഡി. സതീശൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2022, 2:57 pm

തിരുവനന്തപുരം: സർക്കാരിന്റെ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ. കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്നും സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സി.പി.ഐ.എമ്മാണ് ഗവർണറെ കുറ്റം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ല. സർക്കാർ ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും വി.ഡി. സതീശൻ പറഞ്ഞു..

നിയമവിരുദ്ധമായി നിയമിച്ച വി.സി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ലെന്നും പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

വിഴിഞ്ഞം സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും, ദയാബായിയെ കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാൽ കടുത്ത നടപടി എടുക്കുമെന്ന് മന്ത്രിമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്നും ഗവർണർ ട്വീറ്റ് ചെയ്തു.

‘ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അവകാശവുമുണ്ട്. എന്നാൽ ഗവർണറുടെ പദവിയുടെ അന്തസ് കുറയ്ക്കുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ല,’ എന്ന് ഗവർണർ പറഞ്ഞതായാണ് ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ വന്ന ട്വീറ്റ്.

എന്നാൽ, മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും, ചീഫ് മിനിസ്റ്റർ ആവശ്യപ്പെട്ടെങ്കിൽ മാത്രമേ ഗവർണർക്ക് മന്ത്രിമാരെ മാറ്റാൻ പറ്റൂ എന്ന് മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറഞ്ഞു.

‘മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ല. ചീഫ് മിനിസ്റ്റർ ആവശ്യപ്പെട്ടെങ്കിൽ മാത്രമേ ഗവർണർക്ക് മന്ത്രിമാരെ മാറ്റാൻ പറ്റൂ. അല്ലാതെ മന്ത്രിമാരെ ഗവർണറുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റുക എന്നുള്ളത് നമ്മുടെ ഭരണഘടന അനുസരിച്ച് നടക്കില്ല. അങ്ങനെ ഒരു അധികാരം ഭരണഘടനാപരമായി ഗവർണർക്കില്ല,’ പി.ഡി.ടി. ആചാരി പറഞ്ഞു.

Content Highlight: VD satheeshan slams governor arif muhammed khan