തിരുവനന്തപുരം: പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കിൽ പ്രതിപക്ഷത്തിന് മൈതാനത്തോ തെരുവിലോ പോയാൽ മതിയെന്നും അവിടെ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയിൽ പോയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കെ-ഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹരജി പബ്ലിക് ഇന്ററസ്റ്റ് ആണോ പബ്ലിസിറ്റി ഇന്ററസ്റ്റ് ആണോ എന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു സതീശൻ.
‘വാർത്തകൾ വന്നത് ഞാൻ കണ്ടത് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണോ പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണോ എന്ന് കോടതി ചോദിച്ചു എന്നാണ്. പൊതുതാത്പര്യ ഹരജി വരുമ്പോൾ സാധാരണ അങ്ങനെ ചോദിക്കാറുണ്ട്. പ്രതിപക്ഷത്തിന് അതിന്റെ ആവശ്യമില്ലാലോ.
പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ തെരുവിൽ പറഞ്ഞാലും അതിന് പബ്ലിസിറ്റി ഉണ്ടല്ലോ. നിങ്ങൾ വാർത്ത കൊടുക്കുമല്ലോ. മൈതാനത്ത് നിന്ന് പറഞ്ഞാലും അത് വാർത്തയാകും.
തെരുവിൽ പറഞ്ഞാലും മൈതാനത്ത് പറഞ്ഞാലും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് നമ്മൾ കോടതിയിൽ പോകുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കിൽ നമുക്ക് തെരുവിലേക്ക് പോയാൽ മതി. അവിടെ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയിൽ പോയിരിക്കുന്നത്.
മുഖ്യമന്ത്രി കോടതിയെക്കുറിച്ച് പറഞ്ഞ പോലെയൊന്നും ഞാൻ പറയുന്നില്ല. കോടതിക്ക് നമ്മൾ കൊടുത്തിരിക്കുന്ന കേസിനെ കുറിച്ച് ചോദിച്ചറിയാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
സതീശൻ നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചിരുന്നില്ല. എന്നാൽ കോടതി നടപടികൾക്ക് സമയമെടുക്കുമെന്നായിരുന്നു ഇതിനോട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
സി.എ.ജി റിപ്പോർട്ട് വരട്ടെ എന്നും 2019ലെ കരാർ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത് എന്നും കോടതി ചോദിച്ചിരുന്നു. സർക്കാരിനോട് സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയില്ല. ഹരജി മൂന്നാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും.
Content Highlight: VD Satheeshan says will got to streets if publicity was the aim