തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തങ്ങള്‍ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എ.കെ.ജി സെന്റര്‍ അക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഇപ്പോള്‍ ഒന്നുമല്ലാതായെന്നും അതിനെ പ്രതിരോധിക്കാന്‍ വേണ്ടി മെനഞ്ഞുണ്ടാക്കിയ കള്ളക്കഥയാണിതെന്നും സതീശന്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ പ്രതിസന്ധിയില്‍ നിന്ന് വിഷയം മാറ്റാനായി നടക്കുന്ന സംഭവങ്ങളാണിത്. അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍ പൊലീസും കൂട്ടുനിന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ.എം കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ക്രിമിനലുകളെ കൊണ്ട് അക്രമം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. ആസൂത്രിതമായ ആക്രമണമാണ് എ.കെ.ജി സെന്ററിന് നേരെ നടന്നത്. നിങ്ങള്‍ക്ക് ജീവിത വിശുദ്ധി വേണമെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. സന്യാസിമാരാണ് സാധാരണ ഇങ്ങനെ പറയാറ്. ജീവിത വിശുദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ അല്ലെല്ലോ അടയന്തര പ്രമേയം വിളിച്ച് ചേര്‍ത്തത്. എ.കെ.ജി സെന്റര്‍ ആക്രമണവും അതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടതുമായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസെന്നും സതീശന്‍ പറഞ്ഞു.