| Wednesday, 31st January 2024, 2:51 pm

നവകേരള സദസ്സിൽ പങ്കെടുത്ത 70 ശതമാനം പേരും യു.ഡി.എഫിന് വോട്ട് ചെയ്യും: പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവകേരള സദസ്സിൽ പങ്കെടുത്ത 70 ശതമാനം പേരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഭരണത്തെ അനാഥമാക്കി നവകേരള സദസ്സ് സംഘടിപ്പിച്ചുവെന്നും ആളുകളെ വിരട്ടിയാണ് സദസ്സിൽ എത്തിച്ചതെന്നും നിയമസഭാ സമ്മേളനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

തന്റെ 23 വർഷത്തെ നിയമസഭാ ജീവിതത്തിനിടയിൽ ഇതുപോലെ ഉള്ളടക്കമില്ലാത്ത ഒരു നയപ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സർക്കാരിന്റെ ചെലവിലല്ല പ്രതിപക്ഷത്തെ വിമർശിക്കേണ്ടത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലാഘവത്തോടെയാണ് സർക്കാർ നയപ്രഖ്യാപനം അവതരിപ്പിച്ചത് എന്നും യാതൊരു തയ്യാറെടുപ്പുകളുമില്ലാതെയാണ് നയപ്രഖ്യാപനം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘ 44 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് ഇല്ല, ഭരണസിരാകേന്ദ്രത്തിൽ ഇല്ല. ഉദ്യോഗസ്ഥന്മാർ എല്ലാം അവരുടെ പാട്ടിന് പോയി. ഏറ്റവുമധികം ധനപ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ ആ ധനകാര്യ മന്ത്രി പോലും ഇവിടെ ഉണ്ടായില്ല. അത്രയും ദിവസം ഭരണത്തെ സ്തംഭിപ്പിച്ചു.

നിങ്ങൾ എങ്ങനെയാണ് ആളുകളെ കൊണ്ടുവന്നത്? സർക്കാരിന്റെ പരിപാടിയാണെന്ന് പറഞ്ഞുപോയിട്ട് അവിടെ രാഷ്ട്രീയം പറയുക. അവിടെ നിങ്ങൾ ഏറ്റവും കൂടുതൽ വിമർശച്ചത് എന്നെയാണ്. ഏഴ് സ്ഥലത്ത് പറഞ്ഞു എന്റെ മാനസിക നില തകരാറാണെന്ന്. സർക്കാരിന്റെ പരിപാടിയിൽ പോയിട്ടാണോ പ്രതിപക്ഷത്തെ വിമർശിക്കുന്നത്? ശരിയാണോ?

കുടുംബശ്രീക്കാർ നിർബന്ധം, അംഗൻവാടി ടീച്ചർമാർ നിർബന്ധം, തൊഴിലുറപ്പുകാർ നിർബന്ധം, ആശാ വർക്കർമാർ നിർബന്ധം. എല്ലാവരും നിർബന്ധം. ഈ പാവങ്ങളെ എല്ലാവരെയും ഭയപ്പെടുത്തി. ഞങ്ങൾക്ക് ഒരു കാര്യം ഉറപ്പാണ് നിങ്ങളുടെ സദസ്സിൽ വന്ന ഒരു 70 ശതമാനം പേരും ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വോട്ട് ചെയ്യും. ഒരു സംശയവുമില്ല,’ സതീശൻ പറഞ്ഞു.

Content Highlight: VD Satheeshan says 70% participated in NavaKerala Sadass will vote for UDF

We use cookies to give you the best possible experience. Learn more