നടക്കുന്നത് രണ്ട് കൂട്ടരും തമ്മിലുള്ള നാടകം, ഇക്കളിയില്‍ ഞങ്ങളില്ല; ഗവര്‍ണറെ മുഖ്യമന്ത്രി സ്വാധീനിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവം: വി.ഡി. സതീശന്‍
Kerala
നടക്കുന്നത് രണ്ട് കൂട്ടരും തമ്മിലുള്ള നാടകം, ഇക്കളിയില്‍ ഞങ്ങളില്ല; ഗവര്‍ണറെ മുഖ്യമന്ത്രി സ്വാധീനിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2022, 3:59 pm

തിരുവനന്തപുരം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള നാടകമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്നും സതീശന്‍ പറഞ്ഞു. രണ്ട് ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.

ഗവര്‍ണറുടെ വാര്‍ത്തസമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കണ്ണൂരില്‍ ഗവര്‍ണറെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായോ? ആക്രമിക്കാന്‍ ശ്രമിച്ച ആളുകളെ സംരക്ഷിച്ചോ? പ്ലക്കാര്‍ഡ് നേരത്തെ തയ്യാറാക്കി കൊണ്ടുവന്നതാണോ? യോഗം കലക്കാന്‍ നേരത്തെ തീരുമാനിച്ചതാണോ? എന്നൊക്കെ മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും സതീശന്‍ പറഞ്ഞു.

ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂര്‍ സര്‍വകലാശാല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി ഗവര്‍ണറുടെ അടുത്തെത്തി ശുപാര്‍ശ ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യം.

രണ്ട് കൂട്ടരും ഒരുമിച്ച് ചെയ്തതാണ് ഇതെല്ലാം. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ എന്താണ് ഗവര്‍ണര്‍ പറയുന്നതെന്ന് വ്യക്തമല്ല.

2019 ല്‍ നടന്ന കാര്യം ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നത് എന്താണെന്നറിയില്ല. പ്രതിപക്ഷം അല്ല അതിന് മറുപടി നല്‍കേണ്ടത്. അതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണ്. ലോകായുക്ത ബില്ലും സര്‍വകലാശാലാ ബില്ലും ഒപ്പ് വെക്കില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,’ സതീശന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പഴയ ആരോപണങ്ങള്‍ തന്നെ ആവര്‍ത്തിച്ചായിരുന്നു ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം. രാജ്ഭവനെ ആരും നിയന്ത്രിക്കാന്‍ വരണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം.

മുഖ്യമന്ത്രി തനിക്കയച്ച കത്തുകളും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും, രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ഗവര്‍ണര്‍ തുറന്നടിച്ചു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷധം നിയന്ത്രിക്കാനെത്തിയ പൊലീസിനെ തടഞ്ഞത് രാഗേഷാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

വേദിയില്‍ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും, ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്നത് സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗവര്‍ണര്‍ ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അസാധാരണ നടപടിയാണ്.