| Thursday, 5th September 2024, 8:06 am

അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാവുമായി കൂടിക്കാഴ്ച നടത്തി, തൃശൂര്‍ പൂരം കലക്കിയത് ഈ സന്ദര്‍ശനത്തിന്റെ തുടര്‍ച്ച: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്. എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായി 2023 മെയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെളിപ്പെടുത്തല്‍. ഈ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് തൃശൂര്‍ പൂരം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാണ് എം.ആര്‍. അജിത് കുമാറിനെ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക് പറഞ്ഞയച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ ഹയാത്ത് ഹോട്ടലില്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട ശേഷം സ്വകാര്യ വാഹനത്തിലെത്തിയായിരുന്നു കൂടിക്കാഴ്ചയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

2023 മെയ് 20ന് തൃശൂരില്‍ ആര്‍.എസ്.എസ്. ക്യാമ്പ് നടക്കുമ്പോഴായിരുന്നു ഈ കൂടിക്കാഴ്ചയെന്നും പ്രതിപക്ഷനേതാവ് പറയുന്നു. ഇരുവരും തമ്മില്‍ ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തുള്ള ആര്‍.എസ്.എസ്. നേതാവായിരുന്നു ഇരുവര്‍ക്കുമിടയില്‍ ഇടനിലക്കാരനായി നിന്നതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാല്‍ തിരുവനന്തപുരത്തെ ഇടനിലക്കാരനായ ആര്‍.എസ്.എസ്. നേതാവിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല.

തനിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട ചര്‍കള്‍ക്കാണ് മുഖ്യമന്ത്രി എ.ഡി.ജി.പിയെ പറഞ്ഞയച്ചതെന്നും പകരം ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള സഹായം മുഖ്യമന്ത്രി അജിത് കുമാറിലൂടെ ഉറപ്പ് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തൃശൂര്‍ പൂരം അലങ്കോലമാക്കിയതും പിന്നീട് തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

അതേസമയം പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തള്ളി. ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും നിലവില്‍ നടക്കുന്ന ചര്‍ച്ചകളെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വി.ഡി. സതീശന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്നും ഇപ്പോള്‍ നടക്കുന്ന ഗുരുതരമായ വെളിപ്പെടുത്തലുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വലിച്ചിഴക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

content highlights:  VD  Satheeshan said that ADGP MR. Ajit Kumar had a meeting with R.S. S. General Secretary Dattatreya Hosaballe

We use cookies to give you the best possible experience. Learn more