വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കില്ല; ഞാന്‍ തന്നെയാണ് അന്വേഷണം നടത്താന്‍ വെല്ലുവിളിച്ചത്: വി.ഡി സതീശന്‍
Kerala News
വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കില്ല; ഞാന്‍ തന്നെയാണ് അന്വേഷണം നടത്താന്‍ വെല്ലുവിളിച്ചത്: വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2023, 12:51 pm

എറണാകുളം: വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയില്‍ ഈ വിഷയം വന്നപ്പോള്‍ താന്‍ തന്നെയാണ് ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ വെല്ലുവിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘വിജിലന്‍സ് അന്വേഷണത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. 2020ല്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ നിയമസഭയില്‍ ഈ വിഷയം വന്നപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ വെല്ലുവിളിച്ചതാണ്. വെല്ലുവിളിച്ച ഞാനിപ്പോള്‍ വിജിലന്‍സ് അന്വേഷണം തെറ്റാണെന്ന് പറയുന്നതില്‍ ഒരു അനൗചിത്യമുണ്ട്. ഞാനത് ശരിവെക്കുന്നു. വിജിലന്‍സ് അന്വേഷണം നടക്കട്ടെ,’ സതീശന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പ് പരിശോധിച്ച് പരാതി മുന്‍പ് തള്ളിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘പരാതി വന്നപ്പോള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഇതില്‍ യാതൊരു ഉള്ളടക്കവുമില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ തന്നെ അറിവോടെ ഇത് തള്ളിക്കളഞ്ഞതാണ്. ഒരു കാര്യവും ഇതിന്റെ അകത്തില്ലെന്ന് പറഞ്ഞതാണ്. രണ്ടാമത് സ്പീക്കര്‍ക്ക് പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച് കൊടുത്തപ്പോള്‍ അസംബ്ലി സെക്രട്ടറിയേറ്റ് ഇത് പരിശോധിച്ച് ഇതിന്റെ നിയമപരമായ പരിശോധന നടത്തി. അന്നത്തെ സ്പീക്കറും ഇത് തള്ളിക്കളഞ്ഞു,’ സതീശന്‍ പറഞ്ഞു.

ഈ മൂന്ന് കൊല്ലകാലം ഒരു കേസും എടുക്കാതെ ഇപ്പോള്‍ ഈ കേസെടുക്കുന്നതിന്റെ കാരണം മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും സതീശന്‍ വിമര്‍ശിച്ചു.

‘മൂന്നാമത് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ പോയി. എനിക്കൊരു നോട്ടീസ് പോലും അയക്കാതെ പ്രാഥമിക പരിശോധന നടത്തി സിംഗിള്‍ ബെഞ്ചും ഇത് തളളി. വീണ്ടും നാലാത് ഡിവിഷന്‍ ബെഞ്ചില്‍ പോയി. ഡിവിഷന്‍ ബെഞ്ചും ഇത് തള്ളി. ഇത് നാല് വര്‍ഷം മുന്‍പ് നടന്നതാണ്. ഈ മൂന്ന് കൊല്ലകാലം ഒരു കേസും എടുക്കാതെ ഇപ്പോള്‍ ഈ കേസെടുക്കുന്നതിന്റെ കാരണം മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയില്‍ കേന്ദ്ര അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചുവെന്ന പരാതിയിലാണ് വി.ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.

2018 പ്രളയശേഷം വിദേശത്ത് നിന്നും പണപ്പിരിവ് നടത്തുകയും പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനിയെന്ന പുനരധിവാസ പദ്ധതി നടപ്പിലാക്കുകയും ചെയ്തെന്നാണ് സതീശതിനെതിരായ പരാതി. വിദേശത്ത് നിന്നും പണപ്പിരിവ് നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചട്ടം ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ചാലിക്കുടിയിലെ കാദിക്കൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയിരിക്കുന്നത്.

Content Highlight: Vd satheeshan on vigilance investigation of punarjani project