| Monday, 13th September 2021, 12:43 pm

ഇരു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തടയണം; സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണ; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും വലിയ രീതിയിലുള്ള ചേരിതിരിവും സ്പര്‍ധയും അവിശ്വാസം വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി സതീശന്‍ കത്തില്‍ പറഞ്ഞു.

സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഇക്കൂട്ടര്‍ ഉപയോഗിക്കുന്നതെന്നും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകള്‍ തുടങ്ങി ഫേസ്ബുക്കും യൂ ട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ വിഷം ചീറ്റുന്ന ഇവരില്‍ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മത മൈത്രി തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവരെ കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സാമുദായ സംഘടനകളോ സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങള്‍ മുന്‍നിര്‍ത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണമെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങള്‍ക്കും പിന്തുണ അറിയിക്കുകയാണെന്നും കത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വ്യാജ ഐ.ഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നായിരുന്നു വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വിരോധവും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. രണ്ട് വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാനുള്ള ശ്രമം തടയണം. അതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗത്തിന് പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കണം. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നുവെന്നും സതീശന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യര്‍ഥനയോടെ ഒരു വിഷയം അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്. കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണ്.

വലിയ രീതിയില്‍ ചേരിതിരിവ് ,സ്പര്‍ധ ,അവിശ്വാസം ഇവ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

വാട്ട്‌സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകള്‍ തുടങ്ങി ഫേസ് ബുക്കും യൂ ട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന ഇവരില്‍ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മത മൈത്രി തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവരെ കണ്ടെത്തി ,കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കണം .

കൂടാതെ സാമുദായ സംഘടനകളോ , സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങള്‍ മുന്‍നിര്‍ത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണം. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങള്‍ക്കും പിന്തുണയും അറിയിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VD satheeshan letter to pinarayi vijayan narcotic jihad controversy

We use cookies to give you the best possible experience. Learn more