തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത്രയും കാലം കൂടെ നില്‍ക്കാതെ വാര്‍ത്തയായപ്പോള്‍ മാത്രം കീഴ്‌മേല്‍ മറിയുകയാണ് സര്‍ക്കാരെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടി നിന്ന അഴുക്കുചാല്‍ പൊട്ടി ഒലിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടുന്നതിനായി ന്യായമായ സമരത്തിലാണെന്നും, അവരുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കുകയല്ലെന്നും, അവരുടെ കുഞ്ഞ് എവിടെ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും സതീശന്‍ പറഞ്ഞു.
ഈ വിഷയം കഴിഞ്ഞ കുറേ നാളുകളായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും ബാലാവകാശ കമ്മീഷനും ശിശുക്ഷേമ വകുപ്പും ഇത്രയും നാളും എവിടെയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
‘ഇന്നലെ മന്ത്രി ഉത്തരവിട്ടെന്നു പറഞ്ഞു. ആറ് മാസമായി എവിടെയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. എവിടെയായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി, എവിടെയായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, എവിടെയായിരുന്നു ബാലാവകാശ കമ്മീഷന്‍, എവിടെയായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി.
ആറ് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങി നടക്കുകയാണ് ഒരമ്മ. ശ്രീമതി ടീച്ചറിന്റെ കമ്മീഷന്‍ വച്ചു എന്നാണ് പറയുന്നത്. നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്. നിയമ വ്യവസ്ഥയെ മറികടന്ന് പാര്‍ട്ടി, നിയമം കയ്യിലെടുക്കുന്നതിന്റെ ഗതികേടാണ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ഒരമ്മക്ക് തന്റെ കുഞ്ഞിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തേണ്ടി വന്നത്,’
എം.ജി സര്‍വകലാശാലയിലും ഇത് തന്നെയാണ് നടന്നതെന്നും ഭരണമുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥി നേതാവിനെ മര്‍ദ്ദിക്കുകയും ജാതി പറഞ്ഞ് അപമാനിച്ചിട്ടും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും, പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ മാത്രമാണ് കേസെടുത്തതെന്നും, എന്നാല്‍ ഇപ്പോള്‍ എസ്.എഫ്.ഐയുടെ പരാതിയില്‍ അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വളരെ കര്‍ശനമായി പാലിക്കേണ്ട കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള ജെ.ജെ. ആക്ട് അട്ടിമറിച്ച ക്രിമിനല്‍ കുറ്റമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പിരിച്ച് വിടണമെന്നും അദ്ദേഹം പറഞ്ഞു. ദത്തെടുക്കാനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും അട്ടിമറിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷനേതാവിന്റെ ബൈറ്റിന്റെ പൂര്‍ണരൂപം:
സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നത് ഒരമ്മ അവര്‍ പ്രസവിച്ച കുഞ്ഞിന് വേണ്ടി നടത്തുന്ന ന്യായമായ സമരമാണ്. അവരുടെ കുടുംബ പ്രശ്‌നം രാഷ്ട്രീയവത്കരിച്ചല്ല പറയുന്നത്. തന്റെ കുഞ്ഞ് എവിടെ പോയി എന്ന അമ്മയുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം. ഈ വിഷയം കഴിഞ്ഞ കുറേ ദിവസങ്ങളായി ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നു.
ഇന്നലെ മന്ത്രി ഉത്തരവിട്ടെന്നു പറഞ്ഞു. ആറ് മാസമായി എവിടെയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. എവിടെയായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി, എവിടെയായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, എവിടെയായിരുന്നു ബാലാവകാശ കമ്മീഷന്‍, എവിടെയായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. ആറ് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങി നടക്കുകയാണ് ഒരമ്മ.
ശ്രീമതി ടീച്ചറിന്റെ കമ്മീഷന്‍ വച്ചു എന്നാണ് പറയുന്നത്. നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്. നിയമ വ്യവസ്ഥയെ മറികടന്ന് പാര്‍ട്ടി, നിയമം കയ്യിലെടുക്കുന്നതിന്റെ ഗതികേടാണ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ഒരമ്മക്ക് തന്റെ കുഞ്ഞിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തേണ്ടി വന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനുപമയുടെ സമരം.
അത് തന്നെയാണ് കോട്ടയത്ത് നടന്നത്. ഭരണമുന്നണിയില്‍പ്പെട്ട സി.പി.ഐ യിലെ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. ബലാല്‍സംഘം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജാതി പറഞ്ഞ് അധിക്ഷേപിച്ചു. എന്ത് നടപടി എടുത്തു. പ്രതിപക്ഷം പ്രതികരിച്ചപ്പോഴാണ് കേസെടുത്തത്. ഇപ്പോ എസ്.എഫ്.ഐയുടെ പരാതിയില്‍ അവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നു.
സി.പി.ഐ മന്ത്രിമാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകളല്ലേ അത്. അവള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാതെ എങ്ങനെയാണ് നിങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ പോയി പങ്കെടുക്കുന്നത്. നാണമുണ്ടോ നിങ്ങള്‍ക്ക്. ഭരണത്തിന്റെ അഹങ്കാരത്തില്‍ പാര്‍ട്ടിക്കാര്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുകയാണ് സര്‍ക്കാര്‍.
യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങളിലൂടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടി നിന്ന അഴുക്കുചാല്‍ പൊട്ടി ഒലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആറ് മാസം മുമ്പ് എല്ലാവരെയും കണ്ടപ്പോള്‍ അനുപമക്കൊപ്പമില്ലാത്തവര്‍ ഇപ്പോള്‍ പ്രശ്‌നം വാര്‍ത്തയായപ്പോള്‍ കീഴ്‌മേല്‍ മറിയുകയാണ്. വളരെ കര്‍ശനമായി പാലിക്കേണ്ട കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള ജെ.ജെ.ആക്ട് അട്ടിമറിച്ച ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പിരിച്ച് വിടണം. ദത്തെടുക്കാനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.