| Tuesday, 13th June 2023, 8:36 pm

മുഖ്യമന്ത്രിക്ക് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി കേരള പൊലീസ് തരംതാണു; വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതികളെല്ലാം നടുറോഡില്‍ കയ്യും വീശി നടക്കുമ്പോള്‍ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് ലോക്കപ്പിലാണ് കേരള പൊലീസെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സി.പി.ഐ.എം നേതാക്കളില്‍ നിന്നും തിട്ടൂരം വാങ്ങി ജോലി ചെയ്യുന്നവരായി കേരള പൊലീസ് അധപതിച്ചുവെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

‘ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രമസമാധാന പാലനത്തിലും കാര്യക്ഷമതയിലും ലോകത്തിനു മാതൃകയായിരുന്നു കേരള പൊലീസ്. എന്നാല്‍ ഇന്ന് പൊലീസ് സേന അടിമുടി അടിമവത്ക്കരിക്കപ്പെട്ടു. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രി ആരെന്ന് ചോദിച്ചാല്‍, സി.പി.ഐ.എമ്മുകാര്‍ക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല,’ സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പൊലീസിനെ വെച്ച് തങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണെന്നും ഇത് കൊണ്ട് കോണ്‍ഗ്രസിനെയോ, യു.ഡി.എഫിനെയോ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു

‘വഴിവക്കില്‍ നില്‍ക്കുന്നവന്റെ മുഖത്തടിക്കുന്നത് മുതല്‍ ജനപ്രതിനിധികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതു വരെ നീളുന്നു പൊലീസിന്റെ പരാക്രമങ്ങള്‍. നിയമപാലകന്‍ ക്രിമിനലും ക്രിമിനലുകളുടെ സുഹൃത്തും സംരക്ഷകനും ആകുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? പൊലീസ്-ഗുണ്ടാ ബന്ധം എന്ന പ്രയോഗം മലയാളിക്കിപ്പോള്‍ അരി – പയര്‍ എന്നൊക്കെ പറയും പോലെ സുപരിചിതമായിരിക്കുന്നു.

പ്രതിപക്ഷ സമരങ്ങളോട് പൊലീസ് കാണിക്കുന്ന അസഹിഷ്ണുത പറയാതിരിക്കാനാകില്ല. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ തല അടിച്ചു പൊളിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്? ഏത് നിയമത്തിലാണ് ഇങ്ങനെയൊരു പ്രതിരോധ രീതിയെ കുറിച്ച് പറയുന്നത്?

രാഷ്ട്രീയ ഇടപെടലിന്റെ അതിപ്രസരം ഉണ്ടാകുമ്പോഴാണ് സി.ഐമാരെ സി.പി.ഐ.എം ഏരിയാ സെക്രട്ടറിമാരും എസ്.പിമാരെ ജില്ലാ സെക്രട്ടറിമാരും നിയന്ത്രിക്കുന്നത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ഭരണ പാര്‍ട്ടിയുടെ ഓഫീസുകളാകുന്നത്. ഇതേ പൊലീസിനെ വച്ചാണ് ഞങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത്. ഈ ഉമ്മാക്കികള്‍ കൊണ്ട് കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ ഭയപ്പെടുത്താനാകില്ല,’ സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി കേരള പൊലീസ് തരംതാണുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘ലോകത്തുള്ള എല്ലാത്തിനെയും പേടിച്ചോടുന്ന പിണറായി വിജയന് നാടുനീളെ വഴിയൊരുക്കുന്ന കൂലിപ്പട മാത്രമായി കേരള പൊലീസ് തരംതാണിരിക്കുന്നു. വഴിയോരത്ത് മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളെ കയറിപ്പിടിച്ച പുരുഷ പൊലീസിനെയും ചരിത്രത്തില്‍ ആദ്യമായി കേരളം കണ്ടു.

ആള്‍മാറാട്ടക്കാരനും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാതാക്കളും പരീക്ഷ എഴുതാതെ ജയിച്ച കുട്ടിസഖാക്കളും പൊലീസിന്റെ കണ്‍മുന്നില്‍ ജേതാക്കളെ പോലെ നടക്കുമ്പോഴാണ് സര്‍ക്കാരിന് ഹിതകരമാല്ലാത്ത വാര്‍ത്ത ചെയ്തു എന്നതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി പുരപ്പുറത്ത് കയറി കൂകുന്നവര്‍ തികഞ്ഞ ഫാസിസ്റ്റുകളായി അധപതിച്ചു. ങ്ങളെ സംരക്ഷിക്കാനാണ് പൊലീസ്, പക്ഷെ നിങ്ങളില്‍ നിന്ന് ഞങ്ങളെ ആര് രക്ഷിക്കും?’ എന്നൊരു ചോദ്യമുണ്ടായാല്‍ അത് ദൂരവ്യാപക പത്യാഘാതങ്ങളുണ്ടാക്കും,’അദ്ദേഹം പറഞ്ഞു.

നിയമം നടപ്പാക്കുമ്പോള്‍ അതേ നിയമങ്ങള്‍ പാലിക്കാന്‍ പൊലീസും ബാധ്യസ്ഥരാണെന്ന് ഓര്‍ക്കണമെന്നും ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് കേരള പൊലീസിനെ പിണറായി വിജയന്റെ അടിമകൂട്ടമാക്കി മാറ്റിയതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വി.ഡി. സതീശന്‍ കുറിച്ചു.

Content Highlight: VD Satheeshan criticise kerala police

We use cookies to give you the best possible experience. Learn more