ഗവർണർ നിയമസഭയെ അവഹേളിച്ചു; സർക്കാരിന്റേത് കേരള ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപനം: പ്രതിപക്ഷ നേതാവ്
Kerala News
ഗവർണർ നിയമസഭയെ അവഹേളിച്ചു; സർക്കാരിന്റേത് കേരള ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപനം: പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2024, 10:58 am

തിരുവനന്തപുരം: നിയമസഭയെയും ഭരണഘടനയെയും പൂർണമായും അവഹേളിക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നയപ്രഖ്യാപനത്തിനുശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഇത്രയും മോശമായ നയപ്രഖ്യാപന പ്രസംഗം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നയപ്രഖ്യാപന പ്രസംഗം പൊള്ളയാണെന്നും പ്രസംഗത്തിൽ പറയുന്ന ഓരോ വാചകങ്ങൾക്കും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

‘നിയമസഭാ നടപടിക്രമങ്ങളോടും ഭരണഘടനാ നിർദേശങ്ങളോടും പൂർണമായ അവഗണനയും അവഹേളനവുമാണ് ഗവർണർ നടത്തിയത്. അതിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഞങ്ങൾ അടയാളപ്പെടുത്തുകയാണ്. സർക്കാരും ഗവർണറും തമ്മിൽ കുറെ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നത്.

യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കിക്കൊടുത്ത ഈ നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ല. ഈ ഗവൺമെന്റിന്റെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് ഗവർണർക്ക് വായിക്കാൻ വേണ്ടി സർക്കാർ എഴുതി തയ്യാറാക്കി കൊടുത്തത്.

അതിൽ കാര്യമായ ഒരു വിമർശനവുമില്ല. കേന്ദ്രത്തിനെതിരായി ദൽഹിയിൽ സമരം ചെയ്യാൻ പോകുന്ന മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമായി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടത്.

ഞങ്ങളെ ക്ഷണിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനാണ് ഒരുമിച്ച് സമരം ചെയ്യാനാണ്. ഒരുമിച്ച് സമരം ചെയ്യാൻ ഞങ്ങൾ ഇല്ല എന്ന് അറിയിച്ചപ്പോൾ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചു. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ സമരം പൊതുസമ്മേളനമായി മാറ്റിയത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഭയന്നു കൊണ്ടാണ്.

ഈ നയപ്രഖ്യാപന പ്രസംഗത്തിൽ ധനകാര്യ സംബന്ധിയായ ചില കാര്യങ്ങൾ പറയുന്നു എന്നല്ലാതെ കേന്ദ്രത്തിനെതിരായ ഒരു പരാമർശവും ഇതിലില്ല. മാത്രമല്ല കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെ കുറിച്ചുമാണ് പറയുന്നത്. ഈ കേരളീയത്തെ സംബന്ധിച്ചും നവ കേരള സദസ്സിനെ സംബന്ധിച്ചും എത്ര സ്പോൺസർഷിപ്പ് കിട്ടി എത്ര രൂപ ചിലവായി എന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും കണക്ക് കിട്ടുന്നില്ല. കണക്ക് കിട്ടാതെയുള്ള കൊള്ളപ്പിരിവും വ്യാജ പിരിവും നടത്തിയിട്ട് സംഘടിപ്പിച്ച പരിപാടിയാണ് കേരളീയവും നവ കേരള സദസും.

ലൈഫ് മിഷനെ കുറിച്ചുള്ള പരാമർശം നടത്തുന്നുണ്ട്. 717 കോടി രൂപ ഈ വർഷം അനുവദിച്ചിട്ട് വെറും 18 കോടി രൂപ മാത്രമാണ് കൊടുത്തത്. ലൈഫ് മിഷൻ എന്ന ഭവന നിർമ്മാണ പദ്ധതി കേരളത്തിൽ പൂർണമായി തകർന്നു. ഒന്നാം ഗഡു ഇല്ല രണ്ടാം ഗഡു ഇല്ല, മൂന്നാം ഗഡുവില്ല,’ സതീശൻ പറഞ്ഞു.

സപ്ലൈക്കോയെ കുറിച്ചും സാമൂഹ്യ പെൻഷനെ കുറിച്ചുമുള്ള പരാമർശവും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Content Highlight: VD Satheeshan condemns Governor’s action in niyamasabha; Says the mosr worst Policy Announcement in Kerala History