തിരുവനന്തപുരം: മോസന്‍ മാവുങ്കലിനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നെല്ലാം ഇപ്പോള്‍ പറയുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ സഭയില്‍ മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളിയ സതീശന്‍, ചികിത്സക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാല്‍ തിരിച്ചടിക്കുമെന്നും ആളുകളുടെ ജാതകം നോക്കി അല്ല ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നതെന്നും പറഞ്ഞു.
കോസ്‌മെറ്റിക് സര്‍ജന്‍ ആയതിനാല്‍ പലരും മോന്‍സന്റെ പക്കല്‍ പോയിട്ടുണ്ട്. ചികിത്സക്ക് പോകുന്നത് കുറ്റകരമല്ല. സിനിമാ താരങ്ങളടക്കം മോന്‍സന്റെ അടുത്ത് ചികിത്സയ്ക്ക് പോയിട്ടുണ്ടെന്നാണ് വിവരം. വ്യാജ ഡോക്റ്റര്‍ ആണെങ്കില്‍ താരങ്ങള്‍ പോകുമോ എന്നും സതീശന്‍ ചോദിച്ചു.
ഒരുപാട് ആളുകള്‍ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. വിവാഹത്തിനോ മറ്റോ പോകുമ്പോള്‍ നിരവധി പേരുമായി ഫോട്ടോ എടുക്കാറുണ്ട്. ഇതിലുള്ള ആരെങ്കിലും നാളെ ഏതെങ്കിലും കേസില്‍പ്പെട്ടാല്‍, അയാളുമായി ഈ ഫോട്ടോയിലുള്ള നേതാക്കള്‍ക്ക് ഇടപാടുണ്ടെന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുകയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
മന്ത്രിമാരടക്കം മോന്‍സന്റെ ഒപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തു വന്നു. എന്നാല്‍ പ്രതിപക്ഷം മന്ത്രിമാരെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ ചിലരെ ഉദ്ദേശിച്ച് ചില പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ലക്ഷ്യമെങ്കില്‍ അങ്ങനെ ചെയ്തോ. തങ്ങള്‍ ഇതിനെ രാഷ്ട്രീയമായി നേരിട്ടുകൊള്ളാമെന്നും സതീശന്‍ പറഞ്ഞു.
സുധാകരന് എതിരായ പരാതി തട്ടിപ്പാണ്. പരാതിക്കാരെ കുറിച്ച് അന്വേഷണം നടത്തണം. എന്തിനാണ് മോന്‍സന് ഇവര്‍ പണം കൊടുത്തത് എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി പറഞ്ഞ പോലെ തട്ടിപ്പ് അറിയാതെ അവിടെ പോയവരും തട്ടിപ്പാണെന്ന് അറിഞ്ഞ് കൊണ്ട് അവിടെ പോയവരുമുണ്ട്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് കൊണ്ട് അവിടെ പോയവരില്‍ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മുഖ്യമന്ത്രി സുധാകരനെതിരെ പുക മറ ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതിന്റെ മറവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നോക്കണ്ടെന്നും സതീശന്‍ പറഞ്ഞു.
നമ്മുടെ നാട്ടില്‍ പല തട്ടിപ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് അസാധാരണമായ തട്ടിപ്പാണ്. മോന്‍സന്റേത് രണ്ടു തരത്തിലുള്ള തട്ടിപ്പാണ്. ഒന്ന് കോസ്മെറ്റിക് സര്‍ജന്‍ എന്ന രീതിയിലും മറ്റൊന്ന്, പുരാവസ്തു വില്‍പ്പനക്കാരനെന്ന നിലയിലുമാണ് തട്ടിപ്പ്. കോസ്മെറ്റിക് ചികില്‍സയ്ക്കായി നിരവധി പേര്‍ ഇയാളുടെ അടുത്ത് പോയിട്ടുണ്ട്. കോസ്മെറ്റിക് ട്രീറ്റ്മെന്റിന് പോകുന്നത് കുറ്റമാണെന്ന് കരുതാനാകില്ല.
പൊലീസിന് ഇയാള്‍ വ്യാജ ഡോക്ടര്‍ ആണെന്ന് അറിയാമായിരുന്നു. പൊലീസ് മോന്‍സന് നല്‍കിയ സുരക്ഷയാണ് ഇയാളുടെ വിശ്വാസ്യത വര്‍ധിപ്പിച്ചത്. ഇതിനെത്തുടര്‍ന്നാണ് നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടത്.
ഡി.ജി.പി ഇന്റലിജന്‍സ് എ.ഡി.ജി.പിക്ക് മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഇവിടെ പറഞ്ഞു. എന്നാല്‍ 2020 ജനുവരിയില്‍ ഇന്റലിജന്‍സ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഡി.ജി.പി ഒരു നടപടിയും എടുത്തില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പരാതിക്കാരെക്കുറിച്ചും അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇവര്‍ എന്തിനാണ് ഇത്രയും പണം കൊടുത്തത്. അവരുടെ സാമ്പത്തിക സ്രോതസ്സ് അടക്കം അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം