| Wednesday, 14th June 2023, 7:16 pm

ഇത് ഇരട്ടചങ്കന്‍ വിജയനല്ല, ആകാശവാണി വിജയനാണ്; മഹാമൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയാണ് മുഖ്യമന്ത്രി: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരായ കേസ് ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 25 ലക്ഷം രൂപ കൊടുക്കാന്‍ കാരണം സുധാകരന്റെ സാന്നിധ്യത്തിന്റെയും ഉറപ്പിന്റെയും പേരിലാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ 10 കോടി കൊടുത്തത് ആരുടെ പേരിലാണെന്ന് അദ്ദേഹം ചോദിച്ചു.

‘കെ. സുധാകനെതിരായ കേസ് ഉണ്ടാക്കിയതാണ്. പരാതിക്കാരന്‍ സി.പി.ഐ.എം പശ്ചാത്തലമുള്ള ആളാണ്. ആദ്യം പത്ത് കോടി രൂപ മോന്‍സണ്‍ മാവുങ്കലിന് കൊടുത്തു. അത് കഴിഞ്ഞ് 25 ലക്ഷം രൂപ കൊടുക്കാന്‍ സമയത്ത് സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് പറയുന്നത്. ആ 25 ലക്ഷം രൂപ കൊടുക്കാന്‍ കാരണം സുധാകരന്റെ സാന്നിധ്യത്തിന്റെയും ഉറപ്പിന്റെയും പേരിലാണെന്നാണ് പറയുന്നത്.

10 കോടി കൊടുത്തത് ആരുടെ പേരിലാണ്. ഇതിനൊരു യുക്തി വേണ്ടേ.10 കോടി കൊടുത്തപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് പിക്ചറില്‍ ഇല്ല. ഏറ്റവും അവസാനം 25 ലക്ഷം രൂപ കൊടുത്തപ്പോഴാണ് കെ.പി.സിസി പ്രസിഡന്റിനെ രംഗ പ്രവേശനം ചെയ്യിപ്പിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കേസ് കെട്ടിച്ചമക്കുകയാണെന്നും എന്നിട്ട് കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

‘ ആളുകളെ പേടിപ്പിച്ച് മൊഴി നല്‍കിപ്പിച്ച് അദ്ദേഹത്തെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. 10 കോടി കൊടുക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് ഇല്ലലോ, അത് ആരുടെ ബലത്തിലാണ് കൊടുത്തത്. പിന്നെ 25 ലക്ഷം രൂപ കൊടുത്തപ്പോള്‍ കെ.പി.സിസി പ്രസിഡന്റ് ഉണ്ടെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

അദ്ദേഹം എം.പിയാണ് പ്ലബിക്ക് ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമാണ്, അതുകൊണ്ട് കേന്ദ്രത്തില്‍ ഇടപെടുമെന്നാണ് പറയുന്നത്. കെ.സുധാകരന്‍ എം.പിയല്ല ആ സമയത്തെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. കേസ് കെട്ടിച്ചമക്കുകയാണ്. എന്നിട്ട് കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതാണ് ഞാന്‍ പറഞ്ഞത് ഞങ്ങള്‍ പേടിച്ചുപോയെന്ന് പറയാന്‍ പറഞ്ഞത്,’ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഓരോ ആരോപണത്തിനും മറുപടി പറയില്ല. മഹാമൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇത് ഇരട്ടചങ്കന്‍ വിജയനല്ല, ആകാശവാണി വിജയനാണെന്ന്. റേഡിയോയാണ്. റേഡിയോയോട് എന്തെങ്കിലും അങ്ങോട്ട് ചോദിക്കാന്‍ പറ്റുമോ. ഇങ്ങോട്ട് പറയുന്നത് കേള്‍ക്കുകയല്ലാതെ. അതുപോലെ പിണറായി വിജയന്‍ ഇങ്ങോട്ട് പറയുന്നത് കേള്‍ക്കുക അങ്ങോട്ട് ഒന്നും ചോദിക്കാന്‍ സാധിക്കില്ല. ഒരു ചോദ്യത്തിനും ഉത്തരം പറയില്ല.

എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിരിക്കുന്ന സ്ഥലത്താണ്. എ.ഐ ക്യാമറ ആണെങ്കിലും സ്വര്‍ണക്കള്ളക്കടത്ത് ആണെങ്കിലും കെഫോണ്‍ ആണെങ്കിലും ഊരാളുങ്കല്‍ ആണെങ്കിലും എല്ലാ കമ്മീഷനും എത്തിക്കുന്നത് ഒരു പെട്ടിയിരിക്കുന്ന സ്ഥലത്താണ്. ആ പെട്ടിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലാണ്. ഞങ്ങളുടെ ആ ആരോപണത്തിന് പോലും മറുപടി പറയുന്നില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: VD Satheeshan against pinarayi vijayan

We use cookies to give you the best possible experience. Learn more