| Friday, 26th May 2023, 4:35 pm

അഴിമതിക്കെതിരായി മുഖ്യമന്ത്രി നടത്തുന്നത് ചിരിച്ച് മണ്ണ് കപ്പുന്ന ഗിരിപ്രഭാഷണം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചിരിച്ച് മണ്ണ് തപ്പുന്ന പ്രഭാഷണമാണ് പിണറായി വിജയന്‍ അഴിമതിക്കെതിരെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരില്‍ അഴിമതിയില്‍ ഡോക്ടറേറ്റ് കിട്ടിയവരുണ്ടെന്ന പിണറായിയുടെ പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞത് അഴിമതിയില്‍ ഡോക്ടറേറ്റ് കിട്ടിയ ആളുകള്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടെന്നാണ്. അതും ശരിയാണ്. പക്ഷേ ഈ അഴിമതിക്കാര്‍ക്ക് ഡോക്ടറേറ്റ് നല്‍കുന്ന അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

അദ്ദേഹം ഇന്നലെ പറഞ്ഞ വേറൊരു വാചകമുണ്ട്. ഒരു ഓഫീസില്‍ ഒരാള്‍ കൈക്കൂലി വാങ്ങിച്ച് കൂട്ടിയാല്‍ അത് വേറെയാരും അറിഞ്ഞില്ലെന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റില്ലെന്നാണ്. അത് തന്നെയാണ് കേരളത്തിലെ പ്രതിപക്ഷത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയോട്‌ പറയാനുള്ളത്.

മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു അഴിമതിയുടെ കേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കള്ളക്കേസില്‍ 100 ദിവസം ജയിലില്‍ കിടന്നു. അദ്ദേഹം അറിഞ്ഞില്ലേ. അതിന് ശേഷം തിരിച്ച് വന്നിട്ടും ലൈഫ് മിഷന്‍ കേസില്‍ വീണ്ടും ജയിലിലാണ്. ലൈഫ് മിഷന്റെ ചെയര്‍മാന്‍ പിണറായി വിജയനാണ്. എന്നിട്ടും അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. എ.ഐ. ക്യാമറ അഴിമതിയും കെ. ഫോണ്‍ സംബന്ധിച്ച കാര്യങ്ങളും എല്ലാത്തിന്റെയും അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു.

സാധാരണ വില്ലേജ് ഓഫീസിലെ അഴിമതി മറ്റുള്ളവര്‍ അറിഞ്ഞില്ലേ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഞങ്ങള്‍ ചോദിക്കുന്നു, അങ്ങയുടെ ഓഫീസില്‍ നടന്ന കൊവിഡ് കാലത്തെ മെഡിക്കല്‍ സര്‍വീസസ് ഓഫീസിലെ അഴിമതി ഉള്‍പ്പെടെയുള്ള അഞ്ച് പ്രധാന അഴിമതികള്‍ ഇന്ന് അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്. ഇതെല്ലാം അങ്ങയുടെ ഓഫീസില്‍ നില്‍ക്കുമ്പോള്‍ അങ്ങ് ഇത് അറിഞ്ഞില്ലേ. അങ്ങ് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ അഴിമതികളെല്ലാം നടന്നത്. എന്നിട്ടിപ്പോള്‍ അഴിമതിക്കെതിരായ ഗിരിപ്രഭാഷണം എല്ലാവരിലും ചിരിയുണ്ടാക്കുന്നു. ചിരിച്ച് മണ്ണ് കപ്പി പോകുന്ന ഗിരി പ്രഭാഷണമാണ് അഴിമതിക്കെതിരെ മുഖ്യമന്ത്രി നടത്തുന്നത്,’ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ അഴിമതിയില്‍ അദ്ദേഹം പേടിച്ചോടിയൊളിക്കുകയാണെന്നും വി.ഡി. സതീനശന്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ അഞ്ചിന് യു.ഡി.എഫ് എ.ഐ ക്യാമറ സ്ഥാപിച്ച സ്ഥലത്ത് സായാഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരില്‍ ചിലര്‍ അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്ന് കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അഴിമതി ഏറ്റവും കുറവുള്ള നാടെന്ന നിലയില്‍ അഭിമാനം കൊള്ളുമ്പോഴും അതില്‍ ഡോക്ടറേറ്റ് നേടിയ ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലുണ്ടെന്നും അത്തരക്കാരോട് വിട്ട് വീഴ്ചയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

content highlight: vd satheeshan against pinarayi vijayan

We use cookies to give you the best possible experience. Learn more