| Tuesday, 8th August 2023, 1:09 pm

മുഖ്യമന്ത്രിക്ക് എന്താണ് ജോലി; വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിനാകുന്നില്ല: സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയിലെ തന്റെ പ്രസംഗം തടസപ്പെടുത്താന്‍ മന്ത്രിമാരടക്കം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതൊന്നും നേരത്തെ നിയമസഭയില്‍ ഇല്ലാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷ്യ വകുപ്പും ധനവകുപ്പും തമ്മില്‍ മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടുകയാണെന്നും എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് റീട്ടെയില്‍ ഔട്ട്‌ലെറ്റിലും പോയി പരിശോധിക്കാം. എല്ലാം പരിശോധിച്ചാണ് പല സാധനങ്ങളും ഇല്ലെന്ന പരാതി ഞങ്ങള്‍ ഉന്നയിച്ചത്. അതുപോലെ ധനവകുപ്പും ഭക്ഷ്യവകുപ്പും ഏറ്റുമുട്ടുകയാണ്. ഭക്ഷ്യവകുപ്പിന് നല്‍കിയ പണം ധനവകുപ്പ് വക മാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം.

നെല്‍കര്‍ഷകര്‍ക്ക് നല്‍കേണ്ട പണമാണതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വാദം. വിവിധ മാധ്യമങ്ങളില്‍ ഭക്ഷ്യവകുപ്പും ധനവകുപ്പും പരസ്പരം സംവാദത്തിലാണ്. അവര്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്. മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയും രണ്ട് മന്ത്രിമാരും നിരസിച്ചിട്ടില്ല. അപ്പോള്‍ മുഖ്യമന്ത്രിക്കെന്താണ് ജോലി. രണ്ട് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മാസത്തോളമായി ഈ തര്‍ക്കം തുടങ്ങിയിട്ട്.

ഈ രണ്ട് മന്ത്രിമാരെയും വിളിച്ച് സംസാരിച്ച് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി മിണ്ടുന്നില്ല. അദ്ദേഹം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഗുരുതരമായ കൃത്യവിലോപമാണ് ഈ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.

അതാണ് ഞങ്ങള്‍ നിയമസഭയില്‍ വിലക്കയറ്റത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാതെ ഒരു ഡസനോളം മന്ത്രിമാര്‍ എന്റെ വാക്ക് ഔട്ട് പ്രസംഗം തടസപ്പെടുത്താന്‍ മനപ്പൂര്‍വം ശ്രമിച്ചു. ഇതൊന്നും നിയമസഭയില്‍ നേരത്തെ ഇല്ലാത്ത കാര്യങ്ങളാണ്. അവര്‍ സംസാരിക്കുക, ഞങ്ങളെ തടസപ്പെടുത്തുക. ഇത്തരം തടസപ്പെടുത്തലുണ്ടായാല്‍ നിയമസഭ നടപടിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം വിലക്കയറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തില്‍ ഇടപെടാന്‍ ധനമന്ത്രി ശ്രമിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. സപ്ലൈകോക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യമായ പണം അനുവദിക്കുന്നില്ലെന്നും കെ.എസ്.ആര്‍.ടി.സിയെ പോലെ സപ്ലൈക്കോയെ ദയാവധത്തിന് വിടുകയാണെന്നുമാണ് നിയമസഭയില്‍ വി.ഡി സതീശന്‍ ആരോപിച്ചത്. ധനവകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ഭിന്നത കാരണമാണ് സപ്ലൈക്കോയില്‍ പണമെത്താതെന്നും സതീശന്‍ പറഞ്ഞു.

ഇതോടെ മന്ത്രിമാരും പ്രതിപക്ഷത്തിനെതിരെ വന്നു. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

CONTENT HIGHLIGHTS: vd satheeshan against pinarayi vijayan

We use cookies to give you the best possible experience. Learn more