ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനുമല്ല; നോട്ടു നിരോധത്തെ അനുകൂലിച്ച മോഹന്‍ലാലിനെതിരെ വി.ഡി സതീശന്‍
Daily News
ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനുമല്ല; നോട്ടു നിരോധത്തെ അനുകൂലിച്ച മോഹന്‍ലാലിനെതിരെ വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2016, 10:37 pm

ഭാരതത്തിലെ ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല.


കൊച്ചി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് വി.ഡി. സതീശന്‍ എം.എല്‍.എ.

ഭാരതത്തിലെ ജനങ്ങള്‍ ഇന്ന് ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

എല്ലാ പൗരന്‍മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാല്‍ സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഗൗരവതരമായ വിഷയത്തില്‍ അതിന്റെ ആഴം മനസിലാക്കി അഭിപ്രായം പറയുന്നതാവും ഉചിതമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.


മാസങ്ങള്‍ക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിന് പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നില്‍ക്കേണ്ടി വന്നവരുടെയും അതില്‍ മനം നൊന്തു ബാങ്കില്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന പിതാക്കന്മാരുടെയും വേദന എന്തുകൊണ്ട് മോഹന്‍ലാല്‍ കണ്ടില്ലെന്നും സതീശന്‍ ചോദിക്കുന്നു.

ക്യൂവില്‍ നില്‍ക്കുന്നവരുടെ ലക്ഷ്യം ഒരു ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികിത്സയ്ക്കും വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനുവേണ്ടി ക്യൂനിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ശീതീകരിച്ച ഹാളുകളിലും എയര്‍പോര്‍ട്ടിലും നിങ്ങള്‍ നിന്ന ക്യൂ അല്ല. ഉഷ്ണത്തിലും ശൈത്യത്തിലും പാതിരാത്രിക്കും നട്ടുച്ച വെയിലിലും പാതയോരത്ത് നിന്ന് തളര്‍ന്നു കുഴഞ്ഞു വീഴുന്ന ക്യു അങ്ങ് എത്ര മാത്രം കണ്ടു എന്നത് നിശ്ചയമില്ല. ചുരുങ്ങിയ പക്ഷം ജയ്പൂരിലെ ഇരുപത്തി അഞ്ചും അന്‍പതും കിലോമീറ്റര്‍ യാത്ര ചെയ്തു ബാങ്കില്‍ വന്നു തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനു ക്യൂ നില്‍ക്കുന്നവരെ കണ്ട്, അവരുടെ കൂടെ ഒരു രണ്ടായിരം രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹന്‍ലാല്‍ കുറിക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: നോട്ട് പ്രതിസന്ധി; ജെയ്റ്റ്‌ലിയോട് ചോദിച്ച സംശയങ്ങള്‍ക്ക് ലഭിച്ച മറുപടികള്‍ പങ്കുവെച്ച് തോമസ് ഐസക്ക്


നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാര്‍ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളുമെന്നുമാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞത്.

“സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്” എന്ന തലക്കെട്ടോടെയാണ് ലാലിന്റെ കുറിപ്പ്. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നാണ് മോഹന്‍ ലാലിന്റെ അഭിപ്രായം.

ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.