മറുനാടനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ജോലിയല്ല; അവരുടെ ഏറ്റവും വലിയ ഇര ഞങ്ങളായിരുന്നു: സതീശന്‍
Kerala News
മറുനാടനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ജോലിയല്ല; അവരുടെ ഏറ്റവും വലിയ ഇര ഞങ്ങളായിരുന്നു: സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 1:12 pm

തിരുവനന്തപുരം: മറുനാടന്‍ മലയാളിയെ സംരക്ഷിക്കാന്‍ ഇറങ്ങിയവരല്ല കോണ്‍ഗ്രസെന്ന്് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസാണ് മറുനാടന്‍ മലയാളിയുടെ ആക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയര്‍ ആയിട്ടുള്ളതെന്നും താന്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയെ കുറിച്ച് വരെ മോശമായ വാര്‍ത്തയാണ് മറുനാടനില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ മറുനാടനെ സംരക്ഷിക്കാന്‍ ഇറങ്ങിയതല്ല. ഞങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പരാതിയുള്ളത്. രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും, എനിക്കും, ടി.എന്‍ പ്രതാപനും, കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. എത്രയോ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് നടത്തുന്നുണ്ട്. അതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുക, ഫോണുകള്‍ പിടിച്ചെടുക്കുക തുടങ്ങിയവയ്ക്ക് എതിരായിട്ടാണ് ഞങ്ങള്‍ പറഞ്ഞത്.

അല്ലാതെ മറുനാടനെ സംരക്ഷിക്കുന്നത് ഞങ്ങളുടെ ജോലിയല്ല. ഞങ്ങളാണ് ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. ഞാന്‍ നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയെ കുറിച്ച് വളരെ മോശമായിട്ടാണ് അതില്‍ വാര്‍ത്ത വന്നത്. ഞങ്ങള്‍ അതെല്ലാം സഹിഷ്ണുതയോട് കൂടി നേരിടും. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഓരോ സ്ഥാനത്ത് ഇരിക്കുമ്പോള്‍ എന്തെല്ലാം അധിക്ഷേപം കേള്‍ക്കും. സൈബര്‍ ആക്രമണം നടത്തി ആളുകളെ അധിക്ഷേപിക്കുകയാണ്. അത് മറുനാടന്‍ ചെയ്താല്‍ മാത്രമല്ലലോ തെറ്റ് , അന്‍വര്‍ ചെയ്താലും തെറ്റല്ലേ. ആര് ചെയ്താലും തെറ്റല്ലേ. വ്യക്തിപരമായി ആളുകളെ അധിക്ഷേപിക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല,’ വി.ഡി സതീശന്‍ പറഞ്ഞു.

പി.വി അന്‍വര്‍ എം.എല്‍.എ മാധ്യമങ്ങള്‍ക്ക് നേരെ ആക്രോശം നടത്തുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. മറുനാടന്‍ വിഷയത്തില്‍ തങ്ങള്‍ വ്യക്തമായ അഭിപ്രായം പറഞ്ഞതാണെന്നും ആ കേസ് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യധാര മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അന്‍വര്‍ ആക്രോശം നടത്തുകയാണ്. അദ്ദേഹമൊരു എം.എല്‍.യാണ് അല്ലെങ്കില്‍ ഞാന്‍ പറയേണ്ട കാര്യമില്ല. സി.പി.ഐ.എമ്മിന്റെ അറിവോട് കൂടിയാണോ ഇത് ചെയ്യുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഓരോ ദിവസവും ചെസ്റ്റ് നമ്പര്‍ ഇട്ട് ഓരോ മാധ്യമ സ്ഥാപനങ്ങളെ പൂട്ടിക്കും, പിന്നെ മുഖ്യധാര മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ വേണമെങ്കില്‍ ഗുണ്ടകളെ പറഞ്ഞ് വിടും, ഗുണ്ടായിസം കാണിക്കും. ഇത്തരം വെല്ലുവിളികളാണോ ഒരു എം.എല്‍.എ നടത്തുന്നത്. അത് ചോദിക്കണ്ടേ.

മറുനാടനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പറഞ്ഞതെന്ന് വ്യാപകമായ പ്രചരണം സി.പി.ഐ.എം നടത്തുകയാണ്. മറുനാടന്‍ വിഷയത്തില്‍ ഞങ്ങള്‍ വ്യക്തമായ അഭിപ്രായം പറഞ്ഞതാണ്. ആ കേസ് നടക്കട്ടെ. അത് മറ്റൊരു എം.എല്‍.എ പരാതി നല്‍കിയതല്ലേ. കോടതി അതില്‍ ഇടപെട്ടിട്ടുണ്ട്, ആ കേസ് നടക്കട്ടെ. ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്, സുപ്രീം കോടതി ഇടപെട്ടിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ ആരെങ്കിലും അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയാല്‍ അവര്‍ക്കെതിരെയൊക്കെ എത്രയോ ഡിഫമേഷന്‍ കേസുകള്‍ എടുത്തിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ക്കെതിരെ അത്തരത്തില്‍ എത്ര കേസുകള്‍ ഉണ്ട്. അഭിഭാഷകരെ വെച്ച് അവര്‍ കേസ് നടത്തുന്നുണ്ട്,’ വി.ഡി സതീശന്‍ പറഞ്ഞു.

Content Highlight: VD Satheeshan against marunadan malayali