പറവൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് മരുന്നില്ല; വിളിച്ചിട്ട് മന്ത്രി ഫോണ്‍ എടുക്കുന്നില്ല: കെ.കെ ശൈലജക്കെതിരെ വി.ഡി സതീശന്‍
Kerala Flood
പറവൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് മരുന്നില്ല; വിളിച്ചിട്ട് മന്ത്രി ഫോണ്‍ എടുക്കുന്നില്ല: കെ.കെ ശൈലജക്കെതിരെ വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2018, 9:43 am

തിരുവനന്തപുരം: ആരോഗ്യവകുപ്പിനും മന്ത്രി കെ.കെ ശൈലജക്കെതിരെയും ആഞ്ഞടിച്ച് വി.ഡി സതീശന്‍ എം.എല്‍.എ.

പറവൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് മരുന്നില്ലെന്നും എം.എല്‍.എ എന്ന നിലയില്‍ മന്ത്രിയെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ക്യാമ്പിലേക്ക് സ്വകാര്യമായി മരുന്ന് സംഘടിപ്പിക്കുകയാണ്. പറവൂര്‍ താലൂക്ക് ആശുപത്രി അടച്ചിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴൊന്നും വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. മുന്നൊരുക്കമില്ലാതെയാണ് ഇവിടെ കാര്യങ്ങള്‍ ചെയ്തതെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.

എന്നാല്‍ എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പറവൂരിലേക്ക് ആവശ്യത്തിന് മരുന്നുമായി 10 അംഗ ടീം പുറപ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ തന്നെ നടക്കുന്നുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു.

ചെങ്ങന്നൂരില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ 10 മണിക്ക് ഉന്നതതല യോഗം ചേരുന്നുണ്ട്.


പ്രിയപ്പെട്ട നരേന്ദ്രമോഡി, ചട്ടമില്ലെങ്കില്‍ ഉണ്ടാക്കണം സര്‍.. ചട്ടമുണ്ടാവുന്നതല്ലല്ലോ, ഉണ്ടാക്കുന്നതല്ലെ..


എറണാകുളം ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം സജീവമാകുമ്പോഴും പറവൂര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധിപേര്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും മേല്‍ക്കൂരയുള്ള വീടുകളില്‍നിന്നും ആളുകളെ രക്ഷപെടുത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുകള്‍ ബോട്ടുകളും വള്ളങ്ങളും ആവശ്യമാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

അതിനിടെ പറവൂരിലെ കുത്തിയതോട്ടില്‍ പളളിമതില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുത്തിയതോട് സ്വദേശികളായ ജോസ്, ഷെവലിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മറ്റ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആറുപേരാണ് ഇവിടെ മരണമടഞ്ഞത്.

വ്യാഴാഴ്ച രാത്രിയാണ് പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പള്ളിയില്‍ അപകടമുണ്ടായത്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച പള്ളിയുടെ മതിലാണ് ഇടിഞ്ഞത്.വെള്ളം കുത്തിയൊലിച്ചാണ് അപകടം.