കൊച്ചി: വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപ കൊടുത്തുതീർക്കാനുള്ള സർക്കാർ കേരളീയത്തിൽ ധൂർത്ത് കാണിക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളീയത്തിന് 27 കോടി രൂപ കൊടുക്കാൻ കഴിയുന്ന സർക്കാർ പാവപ്പെട്ടവന് വീട് വെക്കാൻ ലൈഫ് മിഷൻ പദ്ധതിയിൽ 2.5 ശതമാനം മാത്രമാണ് കൊടുത്തതെന്നും ഒമ്പത് ലക്ഷം പേർ വീടിന് കാത്തിരിക്കുമ്പോഴാണ് ധൂർത്ത് നടത്തികൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘കേരളത്തിൽ മാസങ്ങളായി സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയിരിക്കുകയാണ്. ഉച്ചഭക്ഷണത്തിന് കൊടുക്കാനുള്ള പണമില്ല. അഞ്ഞൂറോളം അധ്യാപകർ തങ്ങൾക്ക് പ്രൊമോഷൻ വേണ്ടാ എന്ന് എഴുതിക്കൊടുത്തിരിക്കുകയാണ്. കാരണം ഹെഡ്മാസ്റ്ററോ ഹെഡ്മിസ്ട്രസോ ആയാൽ ശമ്പളം പോലും വീട്ടിൽ കൊണ്ടുപോകാനാകാതെ ഉച്ചഭക്ഷണത്തിന്റെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കേണ്ടി വരും.
കേരളത്തിലെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി.യിൽ ശമ്പളം കൊടുത്തിട്ടില്ല, മൂന്നുമാസമായി പെൻഷനും കൊടുത്തിട്ടില്ല. മരുന്ന് പോലും വാങ്ങാനാകാതെ പെൻഷൻകാർ കഷ്ടപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.
സപ്ലൈകോയിൽ ഇ ടെൻഡറിൽ വിതരണക്കാർ പങ്കെടുക്കാത്തത് അവർക്ക് 1500 കോടി രൂപ കൊടുക്കാനുള്ളത് കൊണ്ടാണെന്നും മാധ്യമങ്ങളിൽ 670 കോടി രൂപയുടെ കാര്യമേ വന്നിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
1957 മുതൽ 2016 വരെയുള്ള കെ.എസ്.ഇ.ബിയുടെ 1,083 കോടി രൂപയുടെ ബാധ്യത ഉമ്മൻചാണ്ടി സർക്കാർ തീർത്തിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ഏഴ് വർഷം മാത്രമുണ്ടായ കടം 40,000 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെട്ടിടനിർമാണ പദ്ധതി, എൻഡോസൽഫാൻ ഇരകൾക്കുള്ള നഷ്ടപരിഹാരം, കാരുണ്യ പദ്ധതി എന്നിവയിലുള്ള പണവും ഇതുവരെ കൊടുത്തിതീർത്തിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സഹകരണ മേഖലയിൽ സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുകയും നിക്ഷേപകർ പോകുന്ന പോലെ പോകട്ടെ എന്ന് എഴുതിത്തള്ളുകയും ചെയ്യുകയാണ് എന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
Content Highlight: VD Satheeshan against extravagance of Kerala Government in Keraleeyam