എ.കെ.ജി സെന്ററില്‍ നിന്നുള്ള പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ല; വിജയരാഘവന് മറുപടിയുമായി വി.ഡി. സതീശന്‍
Kerala
എ.കെ.ജി സെന്ററില്‍ നിന്നുള്ള പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ല; വിജയരാഘവന് മറുപടിയുമായി വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st August 2021, 1:20 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങള്‍ പരിഹരിക്കാന്‍ എ.കെ.ജി സെന്ററില്‍ നിന്നുള്ള പ്രത്യേക ഉപദേശം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.

സി.പി.ഐ.എമ്മില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച വി.ഡി സതീശന്‍ എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണെന്നും പറഞ്ഞു.

”ഇപ്പോള്‍ ആലപ്പുഴയില്‍ ആ പാവം ജി. സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരേയും ഇഷ്ടമില്ലാത്തവരേയും പലരീതിയില്‍ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ട. ഞങ്ങളുടെ അഭ്യന്തര കാര്യങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചോളാം, അതിന് എ.കെ.ജി സെന്ററില്‍ നിന്നുള്ള പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ല,” വി.ഡി. സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ അഭ്യന്തര വിഷയങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ പറയുന്നതാണ് അന്തിമ നിലപാട്. നേതാക്കളെല്ലാം ചേര്‍ന്ന് കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കെ.പി.സി.സി അധ്യക്ഷന്‍ പ്രഖ്യാപിക്കുന്നത്. അതാണ് പാര്‍ട്ടി നിലപാട്, അതിനൊപ്പമാണ് താനെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്ലാ സംഘടനങ്ങള്‍ക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട്. അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവര്‍ത്തിക്കാന്‍. അതില്ലാതെ പോകുമ്പോള്‍ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും സതീശന്‍ പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനാപരമായ ചിട്ടയോടെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങള്‍ക്കെല്ലാമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തുടര്‍ച്ചയായ തോല്‍വിയില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കലാണ് തങ്ങള്‍ക്ക് മുന്നിലുള്ള ദൗത്യമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി തീരുമാനം താന്‍ ലംഘിക്കുന്നില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൃത്യമായി ഇതിനെല്ലാം മറുപടി പറയുമെന്നുമായിരുന്നു എ.വി ഗോപിനാഥിന്റെ രാജിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള വി.ഡി സതീശന്റെ പ്രതികരണം.

ഡി.സി.സി വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്നായിരുന്നു എ വിജയരാഘവന്‍ പറഞ്ഞത്. പുതിയ നിയമന വിവാദത്തോടെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ച് ഗ്രൂപ്പായി വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേശീയ തലത്തില്‍ തന്നെ തകരുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്ന ഒരു കാരണം കൂടിയാണ് ഡി.സി.സി വിവാദം. കേരളത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എ.വി. ഗോപിനാഥ് പാലക്കാട് ജില്ലയിലെ താഴേത്തട്ടില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്വരമാണ് എ.വി. ഗോപിനാഥിന്റേതെന്നും വിജയരാഘവന്‍ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VD Satheeshan against A Vijayaraghavan