| Sunday, 19th April 2020, 8:53 pm

സ്പ്രിംഗ്‌ളര്‍ കമ്പനി കേരളത്തില്‍ ഇപ്പോള്‍ നടത്തുന്നത് 'പാല്‍പ്പൊടി മോഡലെ'ന്ന് വി.ഡി സതീശന്‍; എന്താണ് 'പാല്‍പ്പൊടി മോഡലെ'ന്ന് വിശദീകരണവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്പ്രിംഗ്‌ളര്‍ ഡാറ്റാ വിശകലന വിഷയത്തില്‍ പ്രതികരിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. സ്പ്രിംഗ്‌ളര്‍ കമ്പനി കേരളത്തില്‍ ഇപ്പോള്‍ നടത്തുന്നത് ‘പാല്‍പ്പൊടി മോഡലാണെന്ന് അദ്ദേഹം പറഞ്ഞു.

‘സ്പ്രിംഗ്‌ളര്‍ കമ്പനി സൗജന്യമായി ഡാറ്റാ വിശകലനം നടത്താമെന്ന് പറഞ്ഞത് പഴയ ‘പാല്‍പ്പൊടി മോഡല്‍’. പണ്ട് പാവപ്പെട്ടവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോയി പാല്‍പ്പൊടി കമ്പനിക്കാര്‍ സൗജന്യമായി പാല്‍പ്പൊടി വിതരണം നടത്തും. രണ്ടാഴ്ചക്കാലം കുട്ടികള്‍ ഇത് കഴിച്ച് ശീലമായിക്കഴിയുമ്പോള്‍ സൗജന്യ വിതരണം നിര്‍ത്തും. അപ്പോള്‍ കുട്ടികള്‍ മുലപ്പാല്‍ കുടിക്കാതെ പാല്‍പ്പൊടിക്കായി കരയും. വീട്ടുകാര്‍ പാല്‍പ്പൊടി വില കൊടുത്ത് വാങ്ങിക്കാന്‍ നിര്‍ബന്ധിതരാകും. സ്പ്രിംഗ്‌ളറുടെ സൗജന്യം കോവിഡ് കാലത്ത് മാത്രമെന്ന് കരാറില്‍.’, വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനാണെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതൊക്കെ രീതിയില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ അത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. അതിപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇവരുടെ ഉദ്ദേശം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ച് പറയാനാഗ്രഹിക്കുന്നത് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിറകെ പോകാനുള്ള സമയമല്ല,’ പിണറായി വിജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more