തിരുവനന്തപുരം: സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയുടെ ജീവിതം സ്ത്രീകള്‍ക്ക് പോരാടാനുള്ള പ്രചോദനമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിനിമയിലായിരുന്നെങ്കില്‍ ആനി ശിവ പറഞ്ഞ വാക്കുകള്‍ കേട്ട് നമ്മള്‍ കൈയ്യടിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.
ആണ്‍കോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക’ എന്ന് എസ്.ഐ. ആനി ശിവയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
‘സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെ ഇരകളായി നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതം. ഇതിനിടയില്‍ അനുഭവിക്കാത്തതായി ഒന്നും ഇല്ല. പക്ഷെ അതിനെയെല്ലാം എതിര്‍ത്ത് സ്വന്തം മകനെയും ചേര്‍ത്ത് നിര്‍ത്തി ഈ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അവള്‍ ഒരു ഐക്കണ്‍ ആവുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.
സ്വന്തം വീട്ടുകാരാല്‍ തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 18ാമത്തെ വയസില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആനി ശിവ 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആണ്.
ആദ്യം കറിപൗഡറും സോപ്പും വീടുകളില്‍ കൊണ്ടു നടന്ന് കച്ചവടം നടത്തുകയും പിന്നീട് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ടും റെക്കോര്‍ഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവ വേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പം കൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനും പോയാണ് സോഷ്യോളജിയില്‍ ബിരുദം നേടുന്നത്.
2014ല്‍ ആണ് സുഹൃത്തിന്റെ പ്രേരണയില്‍ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേരുന്നത്. വനിതാ തസ്തികയിലേക്കും പരീക്ഷയെഴുതി. 2016ല്‍ വനിതാ പൊലീസ് ആയി ജോലി കിട്ടി. 2019ല്‍ എസ്.ഐ. പരീക്ഷയിലും വിജയിച്ചു. പരിശീലനത്തിന് ശേഷം 2021 ജൂണ്‍ 25ന് വര്‍ക്കലയില്‍ എസ്.ഐ. ആയി ആദ്യനിയമനം ലഭിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്, ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാവുക’
ഒരു ജീവിതകാലത്തെ മുഴുവന്‍ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകള്‍ ഒരു സിനിമാക്കഥയില്‍ ആണെങ്കില്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കും നമ്മള്‍. ആണ്‍കോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്‍മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതം.
ഇതിനിടയില്‍ അനുഭവിക്കാത്തതായി ഒന്നും ഇല്ല. പക്ഷെ അതിനെയെല്ലാം എതിര്‍ത്ത് സ്വന്തം മകനെയും ചേര്‍ത്ത് നിര്‍ത്തി ഈ സമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അവള്‍ ഒരു ഐക്കണ്‍ ആവുകയാണ്. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവ. അധികം വൈകാതെ നേരിട്ട് കണ്ട് എനിക്ക് സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയെ ഒന്ന് അഭിനന്ദിക്കണം.