പിണറായി സര്‍ക്കാരിന്റേത് തീവ്ര വലതുപക്ഷ നിലപാട്, നിയമം കിട്ടിയാല്‍ മോദിയേക്കാള്‍ വലിയ ഏകാധിതിയാവും; അലന്റെയും താഹയുടെയും കുടുംബത്തോട് മാപ്പ് പറയണമെന്ന് വി.ഡി. സതീശന്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച അലനോടും താഹയോടും അവരുടെ കുടുംബത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ഇത്രയും ദിവസം ഈ ചെറുപ്പക്കാര്‍ ജയിലില്‍ കടന്നതിന് ആരാണ് പരിഹാരമുണ്ടാക്കെണ്ടെതെന്നും, മാപ്പുകൊണ്ട് മാത്രം ഈ പ്രശ്‌നം തീരില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.എം. ജേക്കബ് അനുസ്മരണ പരിപാടിക്ക് ശേഷം എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളിലുണ്ടായ നിസ്സാര പ്രശ്‌നങ്ങള്‍ കാരണമായാണ് അവരെ ജയിലിലടച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
‘അലനും താഹയുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ഒന്നും ചുമത്തേണ്ടതില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിക്കുന്നത്. വിചാരണയില്ലാതെ മാസങ്ങളോളം രണ്ട് ചെറുപ്പക്കാരെ ജയിലിലിട്ടു.
പുസ്തകങ്ങള്‍ കണ്ടാണ് അവരെ അറസ്റ്റ് ചെയ്തതെങ്കില്‍, അതിനേക്കാള്‍ കട്ടിയുള്ള പുസ്തകങ്ങള്‍ തന്റെ ലൈബ്രറിയിലുണ്ടെന്ന് ഞാന്‍ അന്ന് തന്നെ പറഞ്ഞിരുന്നു,’ വ.ഡി. സതീശന്‍ വ്യക്തമാക്കി.
പിണറായി സര്‍ക്കാരിന്റേത് തീവ്ര വലതുപക്ഷ നിലപാടാണെന്നും കയ്യില്‍ ഒരു നിയമം കിട്ടിയാല്‍ മോദിയേക്കാള്‍ വലിയ ഏകീധിപതിയായി മാറും എന്നാണ് മുഖ്യമന്ത്രി തെളിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജാമ്യം ലഭിച്ച താഹ ഫസല്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. തന്റെ ജയില്‍മോചനം യു.എ.പി.എ ചുമത്തിയ സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്നാണ് താഹ പ്രതികരിച്ചത്.
യു.എ.പി.എയ്ക്കെതിരെ നിലപാടെടുക്കുകയും എന്നാല്‍, തങ്ങള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തുകയും സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് തന്റെ മോചനമെന്നും താഹ പറഞ്ഞു. രാജ്യത്ത് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും താഹ കൂട്ടിച്ചേര്‍ത്തു.