| Friday, 12th January 2024, 3:56 pm

കെ-ഫോണ്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം വേണം; ഹൈക്കോടതിയെ സമീപിച്ച് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെ- ഫോണ്‍ പദ്ധതിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതികളുടെയും ഉപപദ്ധതികളുടെയും കരാറുകള്‍ നല്‍കിയതില്‍ അഴിമതി ആരോപിച്ചാണ് വി.ഡി സതീശന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.  സംസ്ഥാന സര്‍ക്കാര്‍, എസ്.ആര്‍.ഐ.ടി, കെല്‍ട്രോണ്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഹരജി.

നാഴികക്കല്ലാകേണ്ട പദ്ധതിയുടെ കരാറുകള്‍ കൈമാറിയിരുന്നത് യോഗ്യത ഇല്ലാത്തവര്‍ക്കാണെന്നും പദ്ധതി നടപ്പിലാക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടായെന്നും വി.ഡി സതീശന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഒരു രീതിയിലും കൃത്യത പാലിക്കാത്ത കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ പദ്ധതിയെ അട്ടമറിക്കുകയാന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

റെയില്‍ടെല്‍ എന്ന പൊതുസ്ഥാപനത്തിന്റെ മറവില്‍ എസ്.ആര്‍.ഐ.ടിയെന്ന സ്വകാര്യ കമ്പനിയാണ് കെ-ഫോണിന്റെ കരാറുകള്‍ നേടിയിട്ടുള്ളതെന്നാണ് മറ്റൊരു ആരോപണം.

കൂടാതെ എസ്.ആര്‍.ഐ.ടി ഉപകരാറുകള്‍ കൈമാറിയിട്ടുള്ള പ്രസാഡിയൊ എന്ന കമ്പനി കെ-ഫോണ്‍ പദ്ധതിയുടെ ഇതേ കരാറുകള്‍ ഇതര സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തതായും ഹരജിയില്‍ പറയുന്നു. എസ്റ്റിമേറ്റ് ചെയ്യപ്പെട്ട തുകയെ പെരുപ്പിച്ച് കാണിച്ചുവെന്നടക്കമുള്ള ഗുരുതരമായ അഴിമതികളാണ് കെ.ഫോണ്‍ പദ്ധതിക്കെതിരെ ഹരജിയില്‍ പറഞ്ഞിരിക്കുന്നത്.

സംഭവത്തില്‍ കോടതി കൃത്യമായ വിശദീകരണം തേടണമെന്നും അതിലൂടെ മാത്രമേ സര്‍ക്കാരിന്റെ അഴിമതി പുറത്തുവരികയുള്ളുവെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ എ.ഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ച് വി.ഡി സതീശനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയും കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എ.ഐ ക്യാമറ പദ്ധതിക്കെതിരെ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ഹരജിയില്‍ ഇരുവരും ആവശ്യപ്പെട്ടിരുന്നത്.

Content Highlight: VD Satheesan wants a CBI investigation into the K-phone project

We use cookies to give you the best possible experience. Learn more