| Sunday, 22nd December 2024, 9:31 am

വി.ഡി. സതീശന്‍ വിദ്വേഷം വിലയ്ക്ക് വാങ്ങുന്നവൻ, മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തല: വെള്ളാപ്പളളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കോണ്‍ഗ്രസ് അടുത്തകാലത്തൊന്നും ഭരണത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളം ഭരിക്കാനുള്ള അവസരം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ കോണ്‍ഗ്രസിന് നല്‍കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഒരു നേതാവുണ്ടോയെന്നും നാലഞ്ച് പേരാണ് പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി രൂക്ഷവിമര്‍ശനവും ഉയര്‍ത്തി. റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു വിമര്‍ശനം.

ഇതുപോലൊരു നേതാവാണ് തലപ്പത്തെങ്കില്‍ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് ഭരണത്തില്‍ വരില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വി.ഡി. സതീശന്‍ പറയുന്നതും ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സൗകര്യത്തിനനുസരിച്ച് വാക്കുകള്‍ മാറ്റുന്ന വ്യക്തിയാണ് സതീശനെന്നും സമുദായനേതാക്കന്മാരുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മതനേതാക്കന്മാരുടെ സന്ദര്‍ശിച്ച് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗ്രൂപ്പുകളെ സൃഷ്ടിക്കലാണ് നടന്നത്, അനുയായികളെയല്ല. പ്രതിപക്ഷ നേതാവായതുകൊണ്ട് എന്തും പറയാം എന്ന സതീശന്റെ നിലപാട് അദ്ദേഹത്തെ പ്രമാണിയാകാം എന്ന ചിന്തയില്‍ നിന്ന് ഒരു പ്രാണിയാക്കി. പക്വതയും മാന്യതയും ഇല്ലാത്തയാളാണ് സതീശനെന്നും വെള്ളാപ്പളളി പറഞ്ഞു.

ഉന്നയിക്കുന്ന വിഷയങ്ങളില്‍ എങ്ങനെ പ്രതികരണങ്ങളുണ്ടാകും എന്ന് ചിന്തിക്കാതെ എവിടെയൊക്കെ വിദ്വേഷാമുണ്ടോ അതെല്ലാം നാക്കുകൊണ്ട് വിലക്ക് വെടിക്കുന്ന ആളാണ് വി.ഡി. സതീശനെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണ്. പക്വതയും ഇരുത്തവുമുള്ള നേതാവ്. അദ്ദേഹത്തിന്റെ പാരമ്പര്യം നോക്കുകയാണെങ്കില്‍ അഖിലേന്ത്യ തലത്തില്‍ വരെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി.

സ്വയം പ്രവര്‍ത്തിച്ച് കേരളത്തില്‍ നല്ലൊരു മന്ത്രിയാകുകയും ഇന്ത്യയില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാകുകയും ചെയ്തയാളാണ് രമേശ് ചെന്നിത്തല. എന്നാല്‍ വെറുപ്പ് കൊടുത്ത് വെറുപ്പ് വാങ്ങുന്നയാളാണ് സതീശന്‍. രണ്ട് പേരെയും നോക്കിയാല്‍ കടലും കടലാടിയും പോലെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനായി എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതോടെ വലിയൊരു മഞ്ഞുരുകലാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി ചെന്നിത്തലയും എന്‍.എസ്.എസും അകല്‍ച്ചയിലാണ്.

തുടര്‍ന്ന് ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍, രമേശ് ചെന്നിത്തലക്ക് എന്‍.എസ്.എസിന്റെ ക്ഷണം ലഭിച്ചതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി താനാണെന്നും സമുദായ നേതാക്കളെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വി.ഡി. സതീശന്‍ ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

കോൺഗ്രസിന് തന്റെ പിന്തുണയില്ലെന്നും ഇരുനേതാക്കളുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞത് ഒരു താരതമ്യ പഠനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: VD Satheesan Those who buy hate, Ramesh Chennithala is fit to be Chief Minister: Vellapalli Natesan

We use cookies to give you the best possible experience. Learn more