ഷാര്‍ജ: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ എം.എല്‍.എ. ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് നടത്തുന്ന ജാഥകള്‍ക്ക് വിശ്വാസസംരക്ഷണ ജാഥ എന്ന പേരിനുപകരം രാഷ്ട്രീയപ്രചാരണ ജാഥ എന്നായിരുന്നു വേണ്ടത്. വിശ്വാസസംരക്ഷണ ജാഥ എന്നപേരും ബി.ജെ.പി.യുടെ നാമജപവുമൊക്കെ ജനം ഒരേപോലെയാണ് കാണുക.
ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ്. സംഘത്തിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ ഒത്താശചെയ്തുകൊടുക്കുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെ ചില നേതാക്കളോടുള്ള ആരാധന കാരണം മറ്റു നേതാക്കളെ തെറിപറയരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാടുകള്‍ കോണ്‍ഗ്രസിന് ക്ഷീണമാണ് ഉണ്ടാക്കുകയെന്ന് തിരിച്ചറിയണം. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി.യിലേക്ക് പോവുകയാണെന്ന് സാമൂഹികമാധ്യമങ്ങള്‍ കിംവദന്തി പ്രചരിപ്പിക്കുമ്പോള്‍ “തങ്ങള്‍ പോകില്ല” എന്ന് പത്രസമ്മേളനം വിളിച്ചു മറുപടി പറയേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.
നേരത്തെയും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ALSO READ: ശബരിമല; റിവ്യൂ-റിട്ട് ഹരജികള്‍ ഇന്ന്, സാധ്യതകള്‍ ഇങ്ങനെ
മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ആള്‍ക്കൂട്ടത്തിന്റെ പിറകെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല.
നേരത്തെ വി.ടി ബല്‍റാം എം.എല്‍.എയും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ നേതാവെന്ന് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും മറന്നുപോകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ശബരിമല വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സ്വീകരിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.
WATCH THIS VIDEO: