'ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘപരിവാറുകാരെപ്പോലെ കപട ദേശീയവാദികളല്ല, ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കികളല്ല'; പൗരത്വ പ്രമേയത്തില്‍ വി.ഡി സതീശന്‍
CAA Protest
'ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘപരിവാറുകാരെപ്പോലെ കപട ദേശീയവാദികളല്ല, ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കികളല്ല'; പൗരത്വ പ്രമേയത്തില്‍ വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 11:52 am

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍. ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘപരിവാറുകാരെപ്പോലെ കപട ദേശീയ വാദികളല്ലെന്നും ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കികളല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പൗരത്വ നിയമത്തിനെതിരായ പ്രമേയത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നു വകുപ്പുകളുടെ നഗ്നമായ ലംഘനമാണു പൗരത്വ നിയമം. പൗരത്വ ഭേദഗതി നിയമത്തില്‍ മതപരമായ വിവേചനമുണ്ട്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരുവിഭാഗം ആളുകളെ പൗരത്വത്തില്‍ നിന്നും മാറ്റി പുറത്തുനിര്‍ത്തുന്നു.

പൗരത്വ പട്ടിക ഒരു വലയാണ്. ആ വലയില്‍ കുടുങ്ങാന്‍ പോകുന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ പൗരത്വ നിയമത്തിലൂടെ പുറത്താക്കപ്പെട്ട ഒരുവിഭാഗം ആളുകളാണ്. ആ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരുമിച്ചു ചേര്‍ക്കുമ്പോള്‍ കൃത്യമായ മതവിവേചനം നടപ്പിലാകുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണഘടനാ നിര്‍മാണ സമിതിയിലെ 296 അംഗങ്ങളില്‍ 211 പേര്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു. ഈ അംഗങ്ങളുടെ ബലത്തില്‍ ഇഷ്ടമുള്ള ഭരണഘടന ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനാകുമായിരുന്നു.

എന്നാല്‍ ഒരു രാജ്യത്തും ഇല്ലാത്ത ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന, ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത, ഒരു തുള്ളിവെള്ളം പോലും ചേര്‍ക്കാത്ത ഉജ്ജ്വലമായ ഒരു ഭരണഘടനയാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ, അംബേദ്കറുടെ നേതൃത്വത്തില്‍,മഹാത്മാ ഗാന്ധിയുടെ ആശയപരമായ പിന്തുണയോടെ പാസ്സാക്കിയെടുത്തത്.

ഡോ. ബി.ആര്‍ അംബേദ്കര്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പല കാര്യങ്ങളുടെ വിമര്‍ശകനായിരുന്നു. പക്ഷേ നെഹ്‌റു പ്രധാനമന്ത്രിയായപ്പോള്‍, ആ അംബേദ്കറെ ആദ്യ നിയമമന്ത്രിയാക്കി എന്നതു മാത്രമല്ല, ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാക്കി. ഇന്നു സ്വപ്‌നം കാണാന്‍ പറ്റുമോ?

ഇന്ന് എതിര്‍ക്കുന്നവരെ, വിമര്‍ശിക്കുന്നവരെ എന്‍ഫോഴ്‌സ്‌മെന്റിനെ വിട്ടു പിടിപ്പിക്കുകയും സി.ബി.ഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയും തടങ്കല്‍ പാളയത്തിലേക്ക് അയക്കുകയും ചെയ്യുന്ന ഒരു കാലത്താണ് ഇത്രയും വിശാലമായ പൈതൃകം, പാരമ്പര്യം നമ്മുടെ രാജ്യത്തുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. ഇസ്‌ലാമിനോടു വിവേചനം കാണിക്കുന്നു എന്നു കരുതി ഇതൊരു മുസ്‌ലിം പ്രശ്‌നമായല്ല ഉയര്‍ന്നുവരേണ്ടത്, ഈ രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കുന്ന പ്രശ്‌നമായാണ്.

ഞാന്‍ കരുതുന്നു, ഈ സമരത്തിന്റെ, ഈ പ്രക്ഷോഭണത്തിന്റെ മുന്‍പില്‍ ഇന്ത്യയിലെ ലക്ഷക്കണക്കിനു ഹിന്ദുക്കളുണ്ടാകും. ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘപരിവാറുകാരെപ്പോലെ കപട ദേശീയവാദികളല്ല. അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണ്.

ബ്രിട്ടീഷുകാരന്റെ ചെരിപ്പ് നക്കിയിട്ട്, ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ വേണ്ടിയിട്ട് അവര്‍ക്ക് എല്ലാ ഔദാര്യവും ചെയ്തുകൊടുക്കാം എന്നു പറഞ്ഞ, കോണ്‍ഗ്രസുകാരുടെ സന്നദ്ധ ഭടന്മാരെ, ഒളിവില്‍പ്പോയവരെ ഒറ്റുകൊടുത്ത അഞ്ചാം പത്തികളല്ല രാജ്യത്തെ ഹിന്ദുക്കള്‍.

ഇന്ത്യയിലെ ഹിന്ദുക്കള്‍ ഈ സമരത്തിന്റെ മുന്‍പന്തിയിലുണ്ടാകും. ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരാളോട് ഇന്ത്യ വിട്ടുപോകാന്‍ ആരെങ്കിലും ആജ്ഞാപിച്ചാല്‍, തിരിഞ്ഞുനിന്ന് ഇത് എന്റെ ഇന്ത്യയാണ്, ഞങ്ങളുടെ ഇന്ത്യയാണ് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന യുവതലമുറയാണു വളര്‍ന്നുവരുന്നത് എന്നതാണ് ആവേശകരം,’ അദ്ദേഹം പറഞ്ഞു.