| Thursday, 24th February 2022, 12:48 pm

സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്, സോളാര്‍ കേസ് അര ഡസന്‍ തവണയെങ്കിലും ചര്‍ച്ചക്ക് വെച്ചിട്ടുണ്ട്: പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാറിന് അപ്രിയമായ കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അടിയന്തിരപ്രമേയ നോട്ടീസ് തള്ളുമ്പോള്‍ മൂന്ന് കാര്യങ്ങളാണ് സ്പീക്കര്‍ പറഞ്ഞതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റേജിലാണ്, കേസ് കോടതിയിലാണ്, കേസിന് അടിയന്തര പ്രാധാന്യം ഇല്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.

‘സ്പീക്കര്‍ പറഞ്ഞ മൂന്ന് കാര്യങ്ങളും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍, ഇന്‍വെസ്റ്റിഗേഷന്‍ നടക്കുന്ന കേസുകള്‍ ഇതിനുമുമ്പും ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സോളാര്‍ കേസ് അര ഡസന്‍ തവണയെങ്കിലും നിയമസഭയില്‍ ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. ബാര്‍ കോഴ കേസ് നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അപ്പോള്‍ സര്‍ക്കാറിന് അപ്രിയമായിട്ടുള്ള കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുകള്‍ സഭയില്‍ ചര്‍ച്ച ചെയ്താല്‍, ഒരുപാട് പുതിയ കാര്യങ്ങള്‍ പുറത്തുവരുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. അദ്ദേഹത്തിന് പേടിയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ശിവശങ്കര്‍ പുറത്താക്കിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്,’ വി.ഡി. സതീശന്‍ പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാനുള്ള സാഹചര്യമില്ലെന്നാണ് സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെക്കുകയും നടുത്തളത്തില്‍ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.

നടുത്തളത്തിലിറങ്ങിയാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കില്ലെന്നും പ്രതിപക്ഷം സീറ്റില്‍ ഇരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷം സീറ്റില്‍ ഇരിക്കുകയായിരുന്നു. പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്നും പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാതിരിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.


Content Highlights: VD Satheesan speaking against Pinarayi Vijayan about gold smuggling case

We use cookies to give you the best possible experience. Learn more