കൊച്ചി: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് ഹൈബി ഈഡനെ വിളിച്ച് അസംതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അതുമായി മുന്നോട്ട് പോകരുതെന്നും ഹൈബി ഈഡനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈബി എനിക്കേറ്റവും വാത്സല്യമുള്ള എന്റെ കുഞ്ഞനിയനാണെന്നും അദ്ദേഹം അവതരിപ്പിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
‘അതൊരു പ്രൈവറ്റ് മെംബേഴ്‌സ് ബില്‍ ആണ്. അത് പാര്‍ട്ടിയുടെ നിലപാടല്ല. ഇനി അതിന്മേല്‍ ഒരു വിവാദത്തിന്റേയും ആവശ്യമില്ല. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന് പറയുന്ന ലാഘവത്തോടെയാണ് അത് പറഞ്ഞത്.
അത് ശരിയായ നടപടിയാണെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. കൊച്ചിയിലേക്ക് തലസ്ഥാനം മാറണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കില്ല. തിരുവനന്തപുരം തന്നെ നല്ല സ്ഥലമാണ്, അവിടെ ഒരു കുറവുമില്ല.
ഇപ്പോള്‍ തന്നെ ശ്വാസം മുട്ടിയാണ് കൊച്ചി നില്‍ക്കുന്നത്. തലസ്ഥാനമാക്കാനുള്ള സംവിധാനങ്ങളും കൊച്ചിയില്‍ ഇല്ല. കൊച്ചി ചെറിയ സ്ഥലമാണ്. കൊച്ചി കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ്. അത് അങ്ങനെ തന്നെയിരിക്കട്ടെ.
പാര്‍ട്ടിയോട് ആലോചിക്കാതെ ഇങ്ങനെയൊരു കാര്യം ചെയ്തതിലുള്ള അസംതൃപ്തിയാണ് ഹൈബി ഈഡനെ അറിയിച്ചത്. എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളാണ് ഹൈബി. അദ്ദേഹം ഇനി ഇങ്ങനെയൊരു കാര്യവുമായി മുന്നോട്ടു പോകില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.