| Thursday, 16th December 2021, 11:00 am

കെ-റെയില്‍; ശശി തരൂര്‍ നിവേദനത്തില്‍ ഒപ്പിടാതിരുന്നത് പരിശോധിക്കുമെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയ്‌ക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പു വെക്കാതിരുന്ന ശശി തരൂര്‍ എം.പിയുടെ നടപടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ-റെയില്‍ പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് യു.ഡി.എഫ് നിവേദനം നല്‍കിയത്. യു.ഡി.എഫിന്റെ കേരളത്തില്‍ നിന്നുള്ള പതിനെട്ട് എം.പിമാര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.

പുതുച്ചേരി എം.പിയും നിവേദനത്തില്‍ ഒപ്പിട്ടു. പദ്ധതി നടപ്പാക്കരുതെന്നാണ് യു.ഡി.എഫ് എം.പിമാരുടെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ നിവേദനത്തില്‍ തരൂര്‍ ഒപ്പിട്ടിരുന്നില്ല. പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്.

നിവേദനത്തില്‍ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം കെ- റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് അനാവശ്യ ധൃതിയാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല. പദ്ധതിയുടെ മറവില്‍ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VD Satheesan Shasi Tharoor K Rail

We use cookies to give you the best possible experience. Learn more